സമ്മതിദാനം എങ്ങിനെയാണ് ഉപയോഗിക്കുക എന്നത് നമ്മുടെ മൗലികാവകാശമാണ്, ‘ആർക്കാണ് വോട്ട് ചെയ്യേണ്ടത്’ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കു മാത്രമാണ്.

എങ്ങനെ മുന്നോട്ട് പോകണമെന്നു തീർപ്പാക്കുന്നതിന് ഇപ്പോൾ നമ്മൾ മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണാധികാരികൾ ആരെല്ലാമായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവസരം നമുക്കു കൈവന്നിരിക്കുന്നു. ഈ സമയത്ത് വളരെ നല്ല തീരുമാനമായരിക്കണം നാം സ്വീകരിക്കേണ്ടത്. ആരാണ് ഭരണാധികളായി വരേണ്ടതെന്ന നിർണ്ണയം നമ്മുടെ മനഃസാക്ഷിയുടെ അംഗീകാരത്തിന്  അനുസരിച്ചായിരിക്കണം. ഓരോ അഞ്ച് വർഷത്തിലും നമുക്കു ലഭിക്കുന്ന ഈ അധികാരം ഫലപ്രദമായി ഉപയോഗിക്കാതെ വരുന്നതിലൂടെയാണ് ശക്തമായ ഒരു ഭരണം സംഭവിക്കാത്തത്. നമ്മുടെ സമ്മതിദാനാവകാശം ഈ തിരഞ്ഞെടുപ്പിൽ  ശരിയായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണം അത് ആരുടേയും സമ്മർദ്ധത്തിന് അനുസരിച്ചായിരിക്കരുത്.

രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കളുടേയും അനുഭവങ്ങളും പ്രവർത്തനങ്ങളും തരാതരം തിരച്ചറിയേണ്ടത് ഈ അവസരത്തിൽ വളരെ പ്രധാനമാണ്. എന്തായാലും പ്രാദേശിക ഭരണ മന്ത്രാലയത്തിന്റെ ഭരണാധികാരികളായി വരുന്നതിന് ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാവണമെന്നതിൽ തർക്കമില്ല. ഏക കക്ഷി ഭരണം നമുക്കിവിടെ സാധൃമല്ലാത്തതിനാൽ കൂട്ടുകക്ഷി ഭരണമാണ് ഉണ്ടാവുക.  പ്രധാനമായും നമുക്ക് രണ്ട് സംയുക്ത വിഭാഗങ്ങളാണ് ഇവിടെ നലവിൽ ഉള്ളത്. ഇതിൽ ‘എൽഡിഎഫ്’ കേരളത്തിലെ ഇപ്പോഴത്തെ ഭരണകക്ഷിയാണ്, മിക്കവാറും അവർക്ക് സീറ്റുകൾ നേടാനുള്ള അവസരമുണ്ട്. ‘യുഡിഎഫ്’ കേരളത്തിലെ നിലവിലുള്ള പ്രതിപക്ഷ പാർട്ടിയാണ്, പതിവുപോലെ സീറ്റുകൾ തിരിച്ചുപിടിക്കാൻ അവർ പരമാവധി ശ്രമിക്കും. ഇതിൽ മികച്ചത് ആരെന്ന് തിരഞ്ഞെടുക്കുന്നതിനുള്ള നമ്മുടെ പങ്ക് പ്രധാനമാണ്.  പൊതുവേ, രണ്ടു പാർട്ടികളും ഭരണപരമായി നല്ല കഴിവുള്ളവരും ഫലപ്രദമായ ഭരണം നമുക്കു നൽകാൻ കരുത്തുള്ളവരുമാണ്. ഇവിടെയാണ് നമ്മുടെ ചിന്തയുടേയും വിലയിരുത്തലിൻറേയും ആവശൃകത വരുന്നത്.  സ്ഥാനാർത്ഥിയായി വരുന്ന ഓരോ വ്യക്തിയുടെയും മുൻകാല പ്രവർത്തനങ്ങൾ പഠിക്കാനും വിശകലനം ചെയ്യാനുമുള്ള നമ്മുടെ ബുദ്ധിയും വിവേചനവും ഇവിടെ ഉപയോഗിക്കേണ്ടതാണ്. ഇനി നമുക്ക് നിലവിൽ ഇവിടെയുള്ള രാഷ്ട്രീയ കക്ഷികളേയും അവരിലൂടെ അരംഗത്തു വരുന്ന സ്ഥാനാർത്ഥികളേയും പരിശോധിക്കാം.

ഭരണകക്ഷിയായ ‘എൽ ഡി എഫി’നെക്കുറിച്ച് ഒരുവട്ടം വിലയിരുത്താം:-

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് അവതരിപ്പിച്ച പ്രകടന പത്രികയിൽ പരാമർശിച്ച കാര്യങ്ങൾ അവർ എത്രമാത്രം നിറവേറ്റിയിട്ടുണ്ട്?വാഗ്ദാനങ്ങൾ ഓരോന്നായി വിശകലനം ചെയ്ത് എന്താണ് ചെയ്തതെന്നും എന്തെല്ലാമാണ് പൂർത്തിയാക്കാത്തതെന്നും ഒരു പട്ടിക ഉണ്ടാക്കുക. അപൂർണ്ണമായ പോയിൻറുകൾക്കുള്ള കാരണങ്ങൾ കണ്ടെത്തുകയും പൂർത്തിയാക്കിയ വാഗ്ദാനങ്ങളുടെ ഫലങ്ങൾ പരിശോധിക്കുകയും വേണം. സമൂഹത്തിന് ആതൃാവശൃമായിരുന്നതും പൂർണ്ണമാക്കാതിരുന്നതുമായ ആവശൃകതകളെ വേർതിരിക്കാം. കൂടാതെ പൂർത്തിയാക്കിയ പ്രതിജ്ഞകൾ സമൂഹത്തിലുണ്ടാക്കിയ മാറ്റവും അത് പൊതുജനങ്ങളിൽ എത്രമാത്രം സ്വാധീനിച്ചുവെന്നു പരിശോധിക്കുകയും ചെയ്യാം. ഭരണകാലത്ത് അവർ സംസ്ഥാനത്ത് നടത്തിയ നേത്രുത്വരീതി എങ്ങനെയായിരുന്നു, അത് പൊതുജനങ്ങൾക്ക് എത്രത്തോളം ഫലപ്രദമായിരുന്നു എന്നു വിലയിരുത്താം. സാധാരണക്കാർക്കു മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിക്കാൻ അവർ പൊതുജനങ്ങളെ സഹായിച്ചോ? പൊതുജനങ്ങളുടെ ജീവിതത്തിനും സ്വത്തിനും അവകാശങ്ങൾക്കും അവർ സംരക്ഷണം നൽകിയിട്ടുണ്ടോ? നിസ്വാർത്ഥമായതും ആരോപണങ്ങളില്ലാത്തതുമായ ഭരണം കാഴ്ച വയ്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടൊ? ഭരണ പക്ഷത്തിരുന്ന് സ്വജനക്ഷേമണൊ പൊതുജന സേവനമാണൊ ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്നത്? ജനനന്മയ്ക്കായി ഓരൊ ഭരണാധികാരിയും എത്രമാത്രം ആത്മാർത്ഥത പുലർത്തിയിട്ടുണ്ട്? ഭരണ കാരൃങ്ങളിൽ പ്രതിപക്ഷ പാർട്ടിയുമായിട്ടുള്ള സഹകരണം എങ്ങിനെയായിരുന്നു?

പ്രതിപക്ഷ പാർട്ടിയായ ‘യു ഡി എഫി’നെക്കുറിച്ച് നമുക്കു ചിന്തിക്കാം:-

ഭരിക്കുന്ന പാർട്ടിയുടെ എതിർ പക്ഷത്തിൽ ഇരിക്കുന്നവരുടെ കടമ എന്താണ്? എങ്ങിനെയാണ് അവർ കഴിഞ്ഞ അൻചു വർഷം അതുപയോഗിച്ചത്? പൊതുജനങ്ങൾക്കായി എന്നും സേവനസന്നദ്ധരാണ് എന്നുള്ള അവരുടെ മുദ്രാവാക്യം എത്തരത്തിലാണ് വിനിയോഗിച്ചിട്ടുള്ളത്? പൊതുജനങ്ങളെയും സമൂഹത്തെയും സേവിക്കാനും ആവശൃങ്ങൾ നിർവഹിക്കാനും അവർക്ക് ഭരണാധികാരം ഇല്ലാതിരുന്നത് തടസ്സമായിരുന്നൊ? പൊതുജനങ്ങളുടെ ആവശ്യങ്ങൾ അന്വഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും പൊതുജനസഭയിലെ അധികാരക്കസേരയിൽ ഇരിക്കേണ്ടത് അനിവര്യമായിരുന്നോ? കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് അവതരിപ്പിച്ച പ്രകടന പത്രികയിൽ എന്തായിരുന്നു വാഗ്ദാനങ്ങൾ? അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മാത്രമായി തയ്യാറാക്കിയതാണൊ അതൊ യഥാർത്ഥത്തിൽ അവർ സമൂഹത്തിൽ ചെയ്യാൻ തീരുമാനിച്ചതായിരുന്നൊ? ഇത് പാർട്ടിയുടെ യഥാർത്ഥ പരിപാടി ആയിരുന്നുവെങ്കിൽ തീർച്ചയായും ആ അജണ്ടയിലെ എന്തെങ്കിലും പൂർത്തീകരിച്ചൊ ഇല്ലയോ എന്ന് പരിശോധിക്കേണ്ടതാണ്. അവയിലൊന്നും നടപ്പിലാക്കുകയോ അതിനുശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയാൽ, ആ പ്രകടന പത്രികയുടെ ലക്ഷ്യം എന്തായിരുന്നു എന്ന് അറിയണം. തിരഞ്ഞെടുപ്പ്  പ്രചാരണത്തിന്റെ ഔപചാരികതയ്ക്ക് മാത്രമായരുന്നൊ അത്? അടുത്തതായി, പ്രതിപക്ഷത്തിരുന്ന് ആ പാർട്ടി നടത്തിയിരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾ മനസിലാക്കണം, ചിന്തിക്കണം. അവർ ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടോ അതോ ഭരണകക്ഷിയുമായി പോരാടാൻ മാത്രമായിരുന്നൊ അവർ ശ്രമിച്ചിരുന്നത്? ഈ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളിൽ ജനനന്മയ്ക്കായി വർത്തിച്ച വസ്തുതകൾ വിലയിരുത്തണം.

മൂന്നാമത്തെ കക്ഷിയായി വരുന്നതാണ് ‘ബി ജെ പി’:

കേന്ത്രത്തിലെ ഭരണം ഇവർക്കായതിനാൽ സ്വാവാഭികമായും തിരഞ്ഞെടുപ്പിൽ ഇവർക്കു പ്രതീക്ഷയുണ്ടാവും. വളരെ വലിയ കാരൃങ്ങൾ രാജൃത്തിനായി നിർവഹിക്കുന്ന  ഭരണയന്ത്രത്തിലെ പ്രധാന കണ്ണിയെന്ന തലയെടുപ്പുതന്നെ ഇതിനു കാരണം. കേരള ജനത ഇവരെ ഇനിയും ഉൾക്കൊണ്ടിട്ടില്ലാത്തതിനാൽ അവരെക്കുറിച്ച് ഒരു വിലയിരുത്തലിന് ഇവിടെ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല.

മറ്റു വ്യക്തിഗത പാർട്ടികളും സ്വതന്ത്രരും:

ഇവർ ഒരു പ്രധാന മുന്നണികളിലും ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ അവർ എല്ലായ്പ്പോഴും വ്യക്തിപരമായി തന്നെ നിൽക്കുന്നു. നിയമസഭയിൽ നിഷ്പക്ഷമായി വർത്തിക്കുന്ന ഇക്കൂട്ടർക്ക് പ്രധാനമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അത് യഥാസമയം അവതരിപ്പിക്കുകയും ചെയ്യുന്നതിന് അവർക്ക് കഴിയും. വാസ്തവത്തിൽ ഇതിലൂടെ സാധാരണ ജനങ്ങൾക്ക് വിലപ്പെട്ട സഹായങ്ങൾ ലഭൃമാകുന്നില്ല, പക്ഷേ പൊതുജനങ്ങളിൽ നിന്നുള്ള ആവശൃങ്ങളുടെ ശബ്ദം സഭയിൽ ഉയർത്താൻ സഹായകമാവും. ഈ വ്യക്തികൾ ജനതയ്ക്കു മുന്നിൽ മോഹന വാഗ്ദാനങ്ങൾ നൽകുന്നില്ല. എന്നാൽ അവതരിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ ഭൂരിഭാഗവും അവർ ആത്മാർത്ഥമായി നിർവഹിക്കുന്നു.

ഉപസംഹാരം

ഇതുവരെ പറഞ്ഞ വസ്തുതകൾ വിലയിരുത്തിക്കഴിഞ്ഞും ശരിയായത് ഏതെന്ന് തിരഞ്ഞെടുക്കാൻ പ്രയാസമുണ്ടായേക്കാം. കുറവുകളും ദോഷങ്ങളുമില്ലാതെ പൂർണ്ണമായും ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നവരായി അവരിൽ ആരേയും കണ്ടെത്താൻ കഴിയുന്നില്ല എന്നത് സതൃമാണ്. പക്ഷെ, ശരിയായ ഒരു ലക്ഷ്യം നേടുന്നതിനായി നമുക്കു പ്രവർത്തിക്കാതിരിക്കാൻ കഴിയില്ലല്ലൊ. ഇപ്പോൾ അതിനുള്ള അവസരം നമ്മുടെ പക്കലുണ്ട് അത് ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്.

ഇവിടെ പരസ്പരം കല്ലെറിയുകയും ചെളി വാരിയെറിയുകയും ചെയ്യുമ്പോൾ ഇവരിൽ ആർക്കാണ് ഇതു ചെയ്യാൻ അർഹതയെന്ന് ചിന്തിച്ചിട്ടുണ്ടൊ. “നിങ്ങളിൽ പാപം ചെയ്യാത്തവർ അവരെ  കല്ലെറിയട്ടെ” എന്ന വചനം ഈ സമയം സ്മരിക്കുന്നതു നല്ലതാണ്.

‘തെറ്റു’കളുടെ കൂട്ടത്തിൽ നിന്ന് ഒരു ‘ശരി’യെ കണ്ടെത്താൻ ബദ്ധിമുട്ടായിരിക്കാം പക്ഷേ നല്ല ‘തെറ്റു’കളെ വേർതിരിച്ചെടുക്കുക ബദ്ധിമുട്ടാവില്ല എന്നു കരുതുന്നു.

സമ്മതിദാനം ഉചിതമായ രീതിയിൽ നിർവഹിക്കുക എന്നത് നമ്മുടെ മൗലീക അവകാശമാണ്. അത് ആരുടേയും പ്രേരണയാൽ ആവരുത്, മനഃസാക്ഷിയുടേതാവണം അവസാന തീരുമാനം. അത് കൃത്യമായും വിവേകത്തോടെയും ഉപയോഗിക്കുക.

ഇഗ്നേഷ്യസ് വാര്യത്ത്

3 thoughts on “സമ്മതിദാനം നമ്മൾ എങ്ങിനെ വിനിയോഗിക്കണം.

  1. നല്ല ചിന്തകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത് പക്ഷേ ആരെങ്കിലും ഇതുപോലെ ചിന്തിക്കുമോ എന്നു സംശയമാണ്. ഒരു കാര്യം വൃക്തമാണ് രാഷ്ട്രീയത്തിൽ ജനങ്ങൾക്ക് മടുപ്പായിരിക്കുന്നു എന്നതിനുള്ള തെളിവുകൾ കണ്ടു തുടങ്ങി. അതുകൊണ്ടാണ് കിഴക്കമ്പലത്ത് ‘20-20’ വൻ വിജയമായിത്തീർന്നത്. അതിനെ തുടർന്നാണ് കൊച്ചിയിൽ ‘വി 4 കൊച്ചി’ യുഠ ഉദയഠ കൊണ്ടത്. ജനങ്ങൾ ഇതു പോലെ ചിന്തിച്ചു തുടങ്ങുമ്പോൾ മാററങ്ങൾ മാറ്റങ്ങൾ ഏറെയണ്ടാകും.

  2. വാരൃത്ത് നല്ല സന്ദേശം ജനങ്ങൾക്കു നൽകുന്നു. നമുക്ക് ഒരു നല്ല ഭരണം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ.

Comments are closed.