2017 ജൂൺ 05ന് സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, ഈജിപ്ത്  മുതലായ രാജ്യങ്ങൾ ഖത്തറിനുമേൽ ഉണ്ടാക്കിയ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതിനെക്കുറിച്ച് അടുത്തിടെ ധാരാളം വാർത്തകൾ പുറത്തുവരുന്നുണ്ട് . അമേരിക്കയിൽ ഇപ്പാഴുണ്ടായിട്ടുള്ള രാഷ്ട്രീയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ചർച്ചകൾ നടക്കാനിടയായത്.

ഈ സാഹചര്യത്തിൽ, ഖത്തറിനെതിരായ നിരോധനം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളും ഖത്തർ അതിനെ നേരിട്ടതും വീണ്ടുമൊരു  അവലോകനം ചെയ്യുന്നതു നല്ലതാണെന്നു തോന്നുന്നു.

നിരവധി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള  പരിപാടികൾക്കു ഖത്തർ കുടക്കം കുറിച്ചത് 1995 ജൂൺ 27 ന് പിതാവ് ഷെയ്ഖ് ഖലീഫയ്ക്ക് ശേഷം ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി ഖത്തറിലെ അമീറായി ഭരണം തുടങ്ങിയതോടെയാണ്.

വിദ്യാഭ്യാസം, ശാസ്ത്രം, സാമൂഹിക വികസനം എന്നിവയ്ക്കായി ഖത്തർ ഫൗണ്ടേഷൻ എന്ന സ്ഥാപനം 1995 ൽ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയും അദ്ദേഹത്തിന്റെ പത്നി ഷെയ്ഖാ മോസ ബിന്ത് നാസറും ചേർന്ന് സ്ഥാപിച്ചു. പ്രാദേശിക, ആഗോള തലത്തിൽ വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്കാരിക വികസനം എന്നിവയിൽ ഖത്തറിനെ മുൻപിൽ എത്തിക്കുന്നതിനുള്ള ഖത്തർ ഫൗണ്ടേഷന്റെ ശ്രമങ്ങൾക്ക് സ്ഥാപനത്തിന്റെ അദ്ധ്യക്ഷ ഷെയ്ക മോസ ബിന്ത് നാസർ നേതൃത്വം നൽകി. ഇതിനെത്തുടർന്നു ഖത്തർ ഫൗണ്ടേഷന്റെ കീഴിൽ  ‘വിർജീനിയ കോമൺ‌വെൽത്ത് സർവകലാശാല’, ‘വെയിൽ കോർണർ മെഡിസിൻ’, ‘ടെക്സസ് എ & എം സർവകലാശാല’, ‘കാർനെജ് മെലോൺ സർവകലാശാല’ തുടങ്ങിയവ ഖത്തറിലെത്തി. ഇതോടെ വിദ്യാഭ്യാസ മേഖലയിൽ ഖത്തർ വൻ കുതിപ്പു തന്നെ നടത്തി.

   ജനാധിപത്യത്തിലേക്ക് ഖത്തറിനെ നയിക്കാനുള്ള നടപടികളുടെ ഭാഗമായ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ അനുവദിക്കുകയും മാധ്യമ സ്വാതന്ത്ര്യം വർധിപ്പിക്കുകയും ചെയ്തു. ഇതിനായി ഒരു പുതിയ ഭരണഘടന 2003 ഏപ്രിലിൽ ജനഹിത പരിശോധനയിലൂടെ അംഗീകരിക്കപ്പെടുകയും അത് 2005 ജൂണിൽ പ്രാബല്യത്തിൽ വരുകയും ചെയ്തു. 2003 ലെ തീരുമാനങ്ങളുടെ തുടക്കത്തിൽ ഒരു വനിത മന്ത്രിസഭയിലേക്ക് വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കപ്പെട്ടു എന്നത് മഹത്തായ പുരോഗതിയായിരുന്നു.

ഖത്തറിന്റെ നേട്ടങ്ങളിൽ പ്രധാനമായത് 2006 ൽ ഏഷ്യൻ ഗെയിംസിനു വേദിയായതാണ്. ഒരു ഗൾഫു രാജ്യം ഇതിനു ആതിഥ്യം വഹിക്കുന്നത് ആദ്യമായിരുന്നു. 2030 ലെ ഏഷ്യൻ ഗെയിംസ് നടത്തുന്നതിനുള്ള അവസരത്തിനായി നടന്ന മൽസരത്തിൽ സൗദിയെ തോൽപിച്ച് ഖത്തർ വേദിയായത് ഈ അവസരത്തിൽ പ്രശംസനീയമാണ്. 2022 ലെ വേൾഡ് കപ്പ് ഫുഡ്ബോളിന് ഖത്തർ വേദിയാവുന്നത് അസൂയാവഹമായ മറ്റൊരു നേട്ടമാണ്.

2008 ൽ സർക്കാർ ‘ഖത്തർ നാഷണൽ വിഷൻ 2030’ എന്ന പദ്ധതി ആരംഭിച്ചു, ഇത് ഖത്തറിന്റെ ദീർഘകാല വികസനത്തിനും, ജനങ്ങളുടെ നന്മയ്ക്കും, സമൂഹത്തിന്റെ പരോഗതിയ്ക്കും വഴിയൊരുക്കുന്നതായിരുന്നു.

ഈ തീരുമാനങ്ങളും പരിപാടികളും അനുസരിച്ച്, ഖത്തറിലെ അടിസ്ഥാന സൗകര്യങ്ങളിലും നയങ്ങളിലും വളരെയധികം വികസനങ്ങൾ വന്നുഭവിച്ചു.

2013 ജൂണിൽ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി രാജ്യത്തിന്റെ അധികാരം തന്റെ അവകാശിക്ക് കൈമാറാനുള്ള തീരുമാനം പ്രഖ്യാപിച്ചു. അതോടെ ഖത്തറിന്റെ പുതിയ അമീറായി ഷെയ്ഖ് തമീം ബിൻ ഹമ്മദ് അൽ താനി ചുമതലയേറ്റു. അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിൽ ഖത്തർ വികസനത്തിന്റെ പാതയിൽ വലിയ കുതിപ്പു തന്നെ നടത്തി. അതോടൊപ്പം അയൽ രാജ്യങ്ങളുമായി ഖത്തർ എല്ലായ്പ്പോഴും നല്ല ബന്ധം പുലർത്തുകയും ചെയ്തിരുന്നു.

പക്ഷെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ സംഭവങ്ങൾ അരങ്ങേറിയത്!

2017 ജൂൺ 5, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, ഈജിപ്ത് എന്നിവ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. തുടർന്ന് സൗദി അറേബ്യ ഖത്തറുമായുള്ള അതിർത്തികൾ അടച്ചുപൂട്ടി. മറ്റ് മൂന്ന് രാജ്യങ്ങളും ചേർന്ന് ഖത്തറിന് കര, കടൽ, വ്യോമ ഉപരോധം ഏർപ്പെടുത്തി. മുന്നറിയിപ്പില്ലാതെ സംഭവിച്ച ഈ ഉപരോധത്തിൽ ഖത്തർ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെടുകയായിരുന്നു. പുറമെയുള്ള രാജ്യങ്ങളുമായിട്ടുള്ള ഖത്തറിന്റെ ബന്ധം ദുഷ്കരമായിത്തീർന്നു.

പ്രതിസന്ധി ആരംഭിച്ചത്  2017 ജൂൺ 5 ന് ആയിരുന്നു എങ്കിലും ഇതിലേക്കുള്ള വഴികൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ തുടക്കം കുറിച്ചിരുന്നു.  യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റിയാദിൽ അറബ്, മുസ്ലീം നേതാക്കളെ സന്ദർശിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഉപരോധം അരങ്ങേറിയത്:

  • 2017 മെയ് 23 ന് ഖത്തർ സ്റ്റേറ്റ് ന്യൂസ് ഏജൻസിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഖത്തർ അമീറിന്റെ പേരിൽ തെറ്റായ പ്രസ്താവനകൾ ഹാക്കർമാർ പോസ്റ്റു ചെയ്യപ്പെടുന്നു.
  • ഇറാനെ പ്രശംസിക്കുകയും യുഎസ് വിദേശനയത്തെ വിമർശിക്കുകയും ചെയ്ത വ്യാജ പരാമർശങ്ങൾ യുഎഇ, സൗദി ഉടമസ്ഥതയിലുള്ള നിരവധി ടെലിവിഷൻ ശൃംഖലകളിൽ സംപ്രേഷണം ചെയ്തു.
  • ഇതിനെത്തുടർന്ന് 2017 മെയ് 24 ന് സൗദി അറേബ്യയിലെയും യുഎഇയിലെയും അധികാരികൾ അൽ ജസീറയുടെ വെബ്സൈറ്റും തടഞ്ഞു.

ഒരു വശത്ത് ഖത്തർ ഇറാനെ പിന്തുണയ്ക്കുകയാണെന്ന് സൗദി അറേബ്യ അവകാശപ്പെടുകയും, അതുപോലെ ഇറാനെതിരെ പോരാടുന്ന സുന്നി തീവ്രവാദികൾക്ക് ഖത്തർ ധനസഹായം നൽകുന്നുവെന്നും അവർ  അവകാശപ്പെട്ടു!

ഉപരോധത്തെ ഖത്തർ വാചികമായി വിമർശിച്ചു. ഖത്തറിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തിയെന്ന് വാദിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം നിരോധനത്തെ നേരിട്ടു. ഖത്തറിനെക്കുറിച്ചുള്ള സൗദി പ്രസ്താവനകൾ പരസ്പരവിരുദ്ധമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി പറഞ്ഞു.

പ്രഖ്യാപനത്തിൽ ഉൾപ്പെട്ട എല്ലാ ജിസിസി രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഖത്തറിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടു. മൂന്ന് ഗൾഫ് രാജ്യങ്ങൾ (സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ) ഖത്തറി സന്ദർശകർക്കും താമസക്കാർക്കും തങ്ങളുടെ രാജ്യങ്ങൾ വിടാൻ രണ്ടാഴ്ച സമയം നൽകി. ബഹ്‌റൈനിലെയും ഈജിപ്തിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ ഖത്തറി നയതന്ത്ര ഉദ്യോഗസ്ഥർക്ക് തങ്ങളുടെ രാജ്യങ്ങൾ വിടാൻ 48 മണിക്കൂർ സമയം നൽകി. കുവൈത്തും ഒമാനും ഈഅവസരത്തിൽ നിഷ്പക്ഷതയോടെ നിലകൊണ്ടു.

ജൂൺ 7 ന് ജോർദാൻ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുമെന്നും അമ്മാനിലെ അൽ ജസീറയുടെ ചാനൽ ഓഫീസുകൾ അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചു.

അനുരഞ്ജന സംഭാഷണങ്ങൾക്കായി റിയാദിലെത്തിയ കുവൈറ്റ് മധ്യസ്ഥർക്ക് മുന്നിൽ ഉപരോധം പിൻവലിക്കുന്നതിനായി ഖത്തർ പാലിക്കേണ്ട ആവശ്യങ്ങളുടെ പട്ടിക സൗദി നൽകി. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്നതരത്തിലുള്ള വ്യവസ്ഥകൾ അടങ്ങിയ ആ പട്ടിക പൂർണ്ണമായി അംഗീകരിക്കാൻ കഴിയുന്നവയായിരുന്നില്ല.

സൗദി അവതരിപ്പിച്ച ആവശ്യങ്ങളിൽ പ്രധാനമായത് – അൽ ജസീറയും അനുബന്ധ ചാനലുകളും അടച്ചു പൂട്ടുക, ഖത്തറിൽ നിർമ്മാണം തുടങ്ങിയ ടർക്കിയുടെ സൈനിക താവളം നിർത്തലാക്കുക, ഇറാനുമായുള്ള നയതന്ത്രബന്ധം കുറയ്ക്കുക, ഖത്തർ നേരിട്ടു ധനസഹായം നൽകുന്ന വാർത്താ ചാനലുകൾ അടയ്ക്കുക, കൂടാതെ ഇറാനുമായുള്ള നയതന്ത്ര ബന്ധം തരം താഴ്ത്തുക, ഇറാനിലെ സൈനിക പ്രതിനിധികളെ ഖത്തറിൽ നിന്ന് പുറത്താക്കുക, സാമ്പത്തിക സഹകരണം പരിമിതപ്പെടുത്തുക എന്നിവയാണ്.

 എല്ലാത്തിലും മുഖ്യമായ നിബന്ധന എന്തെന്നാൽ, സൗദി നിർദ്ദേശിച്ച ആവശ്യങ്ങളെല്ലാം നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിനായി ആദ്യ വർഷം പ്രതിമാസവും രണ്ടാം വർഷം മൂന്നു മാസത്തിലൊരിക്കലും തുടർന്ന് പത്തു വർഷത്തേയ്ക്കു പ്രതി വർഷവും റിപ്പോർട്ടു സമർപ്പിക്കുക എന്നതായിരുന്നു.

അയൽ രാജ്യങ്ങളായ സൗദി അറേബ്യയിൽ നിന്നും യുഎഇയിൽ നിന്നുമാണ്  ജോലികൾക്കാവശ്യമായ അസംസ്കൃത വസ്തുക്കൾ, ഭക്ഷണ പതാർത്ഥങ്ങൾ, മരുന്ന്, പാലുൽപന്നങ്ങൾ എന്നിവ കൂടുതലായി ഖത്തർ ഇറക്കുമതി ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ, ഉപരോധത്തിലൂടെ അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ കർശന നടപടികൾ ഖത്തറിനെ അടിയന്തിര സാഹചര്യങ്ങളിലേക്ക് എത്തിച്ചു.

ഖത്തറിലെ അമീർ  ഷൈഖ് തമീം ബിൻ ഹമദ് അൽ താനി ഈ അവസ്ഥയെ വളരെ ശക്തമായി നേരിട്ടു എന്നത് അയൽ രാജ്യക്കാർക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയാത്തതരത്തിൽ ആയിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഖത്തർ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രവാസികൾ അമീറിന് പൂർണ്ണ പിന്തുണ നൽകി. പ്രതിരോധ സാഹചര്യങ്ങളെ മറികടന്ന് ഇന്ത്യ, ടർക്കി മുതലായ രാജ്യങ്ങളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ ചരക്കുകളുടെ വിലയിൽ പെട്ടെന്നുണ്ടായ വർധന എല്ലാ നിവാസികളുടെയും ദൈനംദിന ജീവിത ആവശ്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കി.

ഖത്തറിനെ സ്വയം പര്യാപ്തതയുള്ള രാജ്യമാക്കി മാറ്റുന്നതിന് അമീർ സ്വീകരിച്ച ശക്തമായ തീരുമാനങ്ങളും തയ്യാറെടുപ്പുകളും പെട്ടെന്നു തന്നെ ഫലം കണ്ടുതുടങ്ങി. ഖത്തറിലെ ഓരോ താമസക്കാരും വിദേശികളടക്കം സർക്കാരിനെ പൂർണ്ണമായി പിന്തുണക്കുകയും സഹകരിക്കുകയും ചെയ്തു. സ്വദേശയെന്നൊ വിദേശിയെന്നോ ഉള്ള വ്യത്യാസങ്ങളൊന്നും ഇല്ലാതെ സർക്കാരിന്റെ കൂടെ ഖത്തർ നിവസികൾ ഒറ്റക്കെട്ടായി ഈ പ്രതികൂല സാഹചര്യത്തെ നേരിട്ടു.  ഖത്തറിലെ ഒരു നിവാസിയായതിനാൽ ഈ സാഹചര്യങ്ങൾ ഞാൻ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്.

അയൽ രാജ്യങ്ങൾ ഇത്തരത്തിൽ ഒരു പ്രതിരോധം ഏർപ്പെടുത്തിയതിലെ ഉദ്ദേശം അവർ ആവശ്യപ്പെട്ട  നിബന്ധനകളിൽ നിന്നു മനസ്സിലാക്കാം. എന്നാലും അതിനോടു പ്രതികരിക്കാതെ ഖത്തർ അടിയന്തിര പ്രശ്നങ്ങൾക്കുള്ള പരിഹാരവുമായി മുന്നോട്ടു നീങ്ങി. ഉചിതമായ തീരുമാനങ്ങളിലൂടെ  ഖത്തർ അമീർ ഷെയ്ഖ് ബിൻ ഹമദ് അൽ താനിയുടെ മാർഗനിർദ്ദേശപ്രകാരം ഈ സാഹചര്യങ്ങൾ സർക്കാർ വേഗത്തിൽ നിയന്ത്രിച്ചു എന്നത് വളരെ പ്രശംസനീയമാണ്. ഇതിലൂടെ അതിശക്തനായ ഒരു ഭരണാധികാരി ഖത്തറിനുണ്ടെന്നു എല്ലാവർക്കും ബോധ്യമാവുകയായിരുന്നു.  ഉപരോധത്തിലൂടെ രാജ്യത്തിനുണ്ടായ നഷ്ടങ്ങൾ ലാഭകരമായി മാറുന്നതാണ് പിന്നീടു കണ്ടത്.

ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാം നിയന്ത്രണത്തിലാകുമെന്ന് എതിരാളികൾ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഒമാൻ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളും തുർക്കി, ഇന്ത്യ എന്നീ രാജ്യങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റ് അസംസ്കൃത വസ്തുക്കളും  ഇറക്കുമതി ചെയ്യുന്നതിന് പൂർണ്ണ പിന്തുണ നൽകി. ഖത്തറിന്റെ ‘മെയ്ഡ് ഇൻ ഖത്തർ’എന്ന പുതിയ പദ്ധതിയിലൂടെ രാജ്യത്ത് മെറ്റീരിയലുകൾ, മെഡിസിൻ, ഡയറി ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ഉത്പാദനം ആരംഭിച്ചു. ഈ കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയിൽ ഗണ്യമായ വർദ്ധനവുണ്ടായി എന്നത് നമുക്കും നേട്ടമുണ്ടാക്കി.

ഉപരോധത്തിലൂടെ യഥാർത്ഥ ലക്ഷ്യം കൈവരിക്കാൻ കഴിയാതെ അതിന്റെ ഉപജ്ഞാതാക്കൾ ഇരുട്ടിലായിട്ടു വർഷങ്ങൾ കഴിഞ്ഞു! ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾ എന്തിനുള്ള മുന്നോടിയാണെന്ന് അറിയില്ല, വഴിയെ മനസിലാക്കാം!

ആളും അരങ്ങും ഒഴിഞ്ഞു, സംവിധായകനും വിരമിച്ചു എങ്കിലും കാണികൾ കാത്തിരിക്കുകയാണ് അടുത്ത രംഗത്തിനായി!

“നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ചുവടെ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു”

Reference: wikipedia.org/History_of_Qatar

ഇഗ്നേഷ്യസ് വാര്യത്ത്

3 thoughts on “ഖത്തറിനെതിരായ ഉപരോധം – ഒരു പുനരവലോകനം

  1. വളരെ നന്നായി കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നു. ആ കാലയളവിൽ ഞാനും ഖത്തറിൽ ഉണ്ടായിരുന്നതിനാൽ എല്ലാം നേരിട്ട് അറിഞ്ഞതാണ്.

  2. അഭിനന്ദനങ്ങൾ, നന്നായി കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ട്

  3. Well written. I came across more about the history of Qatar. Waiting for the next diaries.

Comments are closed.