പുതിയ വർഷം പിറന്നു! ലോകമെമ്പാടും ഇപ്പോൾ പുതുവത്സരം ആഘോഷിക്കുകയാണ്. എല്ലാവരും പൂർണ്ണ സംതൃപ്തിയോടെ ആഘോഷം ആസ്വദിക്കുന്നുണ്ടാവില്ല, അതിനു കാരണം പോയ വർഷത്തെ അനുഭവങ്ങൾ തന്നെയാണ്.  

ഈ അവസരത്തിൽ കഴിഞ്ഞ വർഷത്തെ പുതുവത്സര ആഘോഷങ്ങൾ ഓർക്കുന്നതു നന്നായിരിക്കും. അന്നത്തെ ആഘോഷവേളയിൽ, വരുവാനിരുന്ന ദുരന്തത്തെക്കുറിച്ച് നമ്മൾ ചിന്തിച്ചിരുന്നില്ല. അപ്രതീക്ഷിതമായല്ലെ എല്ലാം സംഭവിച്ചത്!

2019 അവസാനം ചൈനയിൽ കണ്ടെത്തിയ വൈറസ് ഒരു പകർച്ചവ്യാധിയായി ലോകമെങ്ങും പടരുമെന്ന് അന്നാരും കരുതിയിരുന്നില്ല. എന്നാൽ തുടർ ദിനങ്ങളിൽ ലോകമെമ്പാടു നിന്നും ലഭിച്ചു കൊണ്ടിരുന്ന വാർത്തകൾ എല്ലാ കണക്കുകൂട്ടലുകളും കാറ്റിൽ പറത്തി. വളരെ പെട്ടെന്നു തന്നെ ഭൂമി മുഴുവൻ അപകടകരമായ വൈറസിന്റെ ഇരുണ്ട മുടുപടത്തിനടിയിൽ അമർന്നു കഴിഞ്ഞിരുന്നു, അത് ഇപ്പോഴും തുടരുന്നു.

ഈ അവസരത്തിൽ നമ്മുടെ മനസ്സിന് ഒരു ഓർമ്മപ്പെടുത്തലായി രോഗത്തിന്റെ ചരിത്രം ഒരിക്കൽ കൂടി ചിന്തിക്കാൻ ശ്രമിക്കുന്നതു നല്ലതാണ്. പകർച്ച വ്യാധിയായ കൊറോണ വൈറസിന്റെ ചികിൽസയ്ക്കുള്ള ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് നാം ഓർക്കണം. കൊറോണ വൈറസ് പകരാതിരിക്കാനുള്ള വാക്സിൻ അടുത്തിടെ ശാസ്ത്രജ്ഞർ കണ്ടെത്തി, ഇത് ലോകമെമ്പാടും പ്രയോഗിച്ചു തടങ്ങിയിട്ടുണ്ട്. മരുന്ന് ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വിജയ നിരക്ക് നൂറു ശതമാനമല്ല. ഇതിന്റെ പൂർണ്ണമായ വിജയം ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

2019 ഡിസംബറിലാണ് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് വൈറസിനെക്കുറിച്ചുള്ള വാർത്ത പുറത്തു വന്നത്.  2019 ഡിസംബർ 31 ന് ലോകാരോഗ്യ സംഘടനയെ ഈ വിവരം അറിയിക്കുകയും അവർ അന്വേഷണം തുടങ്ങുകയും ചെയ്തു.  ശ്വാസകോശ സംബന്ധമായ ഈ അസുഖം കൊറോണ വൈറസ് കാരണമാണെന്ന് കണ്ടെത്തുകയും അതൊരു പകർച്ചവ്യാധി ആണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. 2020  ജനുവരി 12 ന് ഈ വ്യാധിയെ COVID 19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഈ വൈറസ് വുഹാൻ നഗരത്തിലുടനീളം വ്യാപിക്കുകയും ക്രമേണ അടുത്തുള്ള ജില്ലകളിലേക്കു പടരുകയും ചെയ്തു. തടർന്ന് ചൈനയ്ക്കു പുറത്തേയ്ക്കു ഈ രോഗം അതിവേഗം എത്തിയതാണ് കണ്ടത്!

കൊറോണ വൈറസ് പടർന്നുപിടിച്ച വുഹാനിൽ നിന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ ഇന്ത്യയിലേക്കു തിരിച്ചു വന്നു. ജനുവരി 30 ന് നാട്ടിലെത്തിയ ഇവരിൽ ഒരാൾക്കു കോവിഡ് 19 പോസിറ്റീവ് ആണെന്നു കണ്ടെത്തി. അതോടെ ആദ്യത്തെ കോവിഡ് 19 ഇന്ത്യയിൽ ത്രിശൂരിൽ റിപ്പോർട്ട് ചെയ്തു. ത്രിശൂരിലെത്തിയ  മറ്റ് മൂന്ന് പേർക്കുകൂടി തുടർന്ന് കോവിഡ് കണ്ടെത്തി.

രാജ്യമെമ്പാടും വളരെ വേഗത്തിൽ കൊറോണ വൈറസ് വ്യാപിച്ചു. 2020 അവസാനത്തിൽ, രോഗബാധിതരുടെ എണ്ണം ഒരു കോടിയിൽ കൂടുതലായി. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ മരണം മാർച്ച് പന്ത്രണ്ടിനായിരുന്നു,  സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 76 കാരന്റേതായിരുന്നു അത്. 2020 അവസാനം മരണസംഖ്യ ഒരു ലക്ഷത്തിലധികമായി.

മറ്റൊരു പകർച്ചവ്യാധിയായ വൈറസിനെ വരവേറ്റുകൊണ്ടാണ് ഈ പുതുവത്സരവും നാം ആരംഭിച്ചത്.

2020 ഡിസംബറിൽ പുതിയൊരു തരം കൊറോണ വൈറസ് ഇംഗ്ലണ്ടിൽ കണ്ടെത്തിയിരിക്കുന്നു. അത് നിലവിലുള്ള കൊറോണ വൈറസിനേക്കാൾ അപകടകരമായ മറ്റൊരു രുപാന്തരമാണെന്നതാണ് സത്യം. ഈ വൈറസ് നിലവിലുള്ളതിനേക്കാൾ കൂടുതൽ വേഗത്തിൽ പടരുന്നതാണെന്ന് തിരിച്ചറിഞ്ഞു. ഡിസംബറിൽ തന്നെ ഇറ്റലിയിലും അനുബന്ധ രാജ്യങ്ങളിലും അതോടൊപ്പം ഇന്ത്യയിലും എത്തി. ഇന്ത്യയിൽ ഇരുപതിലധികം പോസിറ്റീവുകൾ ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തു.  

2020 ൽ കോവിഡായിരുന്നു നമ്മെ നയിച്ചത്, ആ നായകത്വം ഈ വർഷവും തുടരുന്നു എങ്കിലും അവന്റെ ശാസനത്തിനു മുന്നിൽ നാമിനി പകച്ചു നിൽക്കില്ല. കഴിഞ്ഞ ഒരു വർഷം നമുക്കു നൽകിയത് അതികഠിനമായ പരിശീലനങ്ങളായിരുന്നു, ധാരാളം കാര്യങ്ങൾ പഠിച്ചു, ഏറെ അനുഭവങ്ങളും അറിവുകളും നമുക്കു ലഭിച്ചു. അതിലൂടെ ലഭിച്ച ഊർജ്ജവും മനോബലവും നമ്മെ അതിനു പ്രാപ്തരാക്കി. വൈറസിനെ നിയന്ത്രിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എന്തെല്ലാമാണെന്നും എങ്ങനെ സ്വയം സംരക്ഷിക്കാമെന്നും ഇപ്പോൾ നമുക്കറിയാം.

ഈ മാരക രോഗം നിയന്ത്രിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ സുരക്ഷാ നടപടികളും മാർഗ്ഗ നിർദ്ദേശങ്ങളും  ജീവവായു പോലെ നാമിപ്പോൾ കൊണ്ടു നടക്കുന്നുണ്ട്, പാലിക്കുന്നുമുണ്ട്.  

നാം സ്വയം സംരക്ഷിക്കുന്നതിലൂടെ മറ്റുള്ളവരെയും പരിരക്ഷിക്കുക. നമുക്ക് ഒരുമിച്ച് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം ഈ വർഷവും തുടരാം.

നിർണായകമായ ഈ സാഹചര്യങ്ങളെല്ലാം വളരെ വേഗത്തിൽ തന്നെ നിയന്ത്രണത്തിലാകുമെന്ന് നമുക്കു പ്രതീക്ഷിക്കാം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ടു നീങ്ങാം

എല്ലാവർക്കും നന്മയും സന്തോഷവും സൗഭാഗ്യവും നിറഞ്ഞ പുതുവൽസരാശംസകൾ!.

“നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ചുവടെ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു”

ഇഗ്നേഷ്യസ് വാര്യത്ത്

One thought on “പുതുവൽസരം – 2021

Comments are closed.