Novelette – 1

അവൾ കാത്തിരുന്നു

ഇഗ്നേഷ്യസ് വാര്യത്ത്

Table of Contents

കഥാസാരം….. 3

1. 4

2. 9

3. 13

4. 20

5. 25

കഥാസാരം

ഒരു റിസേർച്ചിന്റെ ഭാഗമായിട്ടാണ് സുരേഷ് കുമാർ ആ ഗ്രാമത്തിൽ എത്തിയത്. ആ ഗ്രാമത്തോടൊപ്പം അവിടെ വാസിക്കുന്നവരേയും അയാൾക്ക് ഏറെ ഇഷ്ടമായി. അയാളുടെ സുഹ്രുത്തായ ഡോക്ടർ അനന്തുവിന്റെ സഹായത്തോടെ അവിടെ താമസ്സിച്ചിരുന്ന സുരേഷിന് അയാളുടെ വീട്ടിൽ സ്ഥിരമായി വരുന്ന രശ്മിയെന്ന ഗ്രാമീണ സുന്ദരിയോട് പ്രേമം ജനിക്കുന്നു. അവൾക്കും അത്തരത്തിൽ അയാളോട് സ്‌നേഹം ഉണ്ടെന്നായിരുനു സുരേഷ് കരുതിയിരുന്നത്. പക്ഷേ അയാളുടെ കണക്കു കൂട്ടലുകൾ തെറ്റായിരുന്നു എന്ന് മനസ്സിലാക്കാൻ വൈകിപ്പോയി. തുടർന്നുണ്ടായ മാനസിക സങ്കർഷങ്ങളും കഷ്ടതകളുമാണ് ഈ നോവലെറ്റിന്റെ ഉള്ളടക്കം. പരിശുദ്ധ പ്രേമത്തിന് മരണമില്ല… അതെന്നും വിജയത്തിലേക്കു തന്നെ ചെന്നെത്തും!

ഇഗ്നേഷ്യസ് വാര്യത്ത്

1

     കസേരയുടെ കൈവരിയിൽ ഇടതു കൈ തെരുപ്പിടിച്ച് അയാൾ ഒന്നു നിശ്വസിച്ചു!. വലതു കൈയിലിരുന്ന കത്തിലേക്കു വീണ്ടും കണ്ണോടിച്ചു, നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു കണങ്ങൾ ഫാനിന്റെ കാറ്റിനെ അതിജീവിച്ചു.

പ്രീയപ്പെട്ട എസ് കെ,

ഈ കത്ത് എഴുതുന്നത് വളരെ അത്യാവശ്യമായ തിനാലാണ്, നിസ്സാരമായി കാണരുത്. താനുടൻ പുറപ്പെടണം. രശ്മിയ്ക്ക് തന്നെ കാണണമെന്നു പറയുന്നു!…. വരണം എന്തു തിരക്കുണ്ടെങ്കിലും വരണം…

രശ്മി!

എസ്‌കെ എന്ന സുരേഷ്‌കുമാറിന്റെ ഹ്രുദയത്തിന്റെ ഉള്ളറകളിൽ ഒരു കൊള്ളിയാൻ മിന്നി!. അതിന്റെ രണനങ്ങളിൽ ‘രശ്മി’ ജ്വലിച്ചു നിന്നു. ആ തീവ്രതയിൽ മനസ്സിന്റെ മാറാലകൾ കരിഞ്ഞു വീഴുന്നത് അറിഞ്ഞു. ഒരിക്കലും ഇനി തുറക്കരുതെന്നു കരുതിയ അറകളുടെ താക്കോൽ സ്മ്രുതിയുടെ അഗാധമായ കയത്തിൽ വലിച്ചെറിഞ്ഞതാണ്. വിസ്മ്രുതിയുടെ ഒഴിഞ്ഞകോണിൽ ഉപേക്ഷിച്ചതാണ് ഈ ചിന്തകൾ. അനന്തമായ മാനസസാഗരത്തിന്റെ ആഴമേറിയ അടിത്തട്ടിൽ താഴ്ത്തി വച്ചതായിരുന്നു ഇതുവരെ!.

പക്ഷേ!

എല്ലാം ഒരു നിമിഷം കൊണ്ടു നിഷ്പ്രഭമായി. അദ്രുശ്യമായ ആ രശ്മീപ്രവാഹം ക്ഷണമാത്രയിൽ എല്ലാം തകർ ത്തു കളഞ്ഞു!.

അനന്തുവിന്റെ കത്ത് വർഷങ്ങൾക്കു മുൻപ് പ്രതീക്ഷിച്ചതായിരുന്നു, ആകാംക്ഷയോടെ കാത്തിരുന്നതാണ്, പക്ഷേ അന്നൊന്നും അതു ലഭിച്ചില്ല. ഇന്ന് വർഷങ്ങളുടെ ഇടവേളകൾക്കൂ ശേഷം അതു തന്നെ തേടിയെത്തി യിരിക്കുന്നു.

പഴയ വിലാസത്തിലെത്തിയ കത്ത് വിവിധ സ്ഥലങ്ങൾ ചുറ്റിത്തിരിഞ്ഞ് ഒരു മാസം കൊണ്ട് തന്റെ കയ്യിലെത്തി.. തപാൽ വകുപ്പിന്റെ കാര്യക്ഷമതയൊ താൻ ഇപ്പോൾ അറിയപ്പെടുന്ന ആളായതു കൊണ്ടോ? അറിയില്ല!

ഇന്നത്തെക്കാലത്ത് കത്തുകൾ എഴുതുന്നതു പരിഷ്കാരത്തിനു ചേർന്നതല്ലല്ലൊ. മീഡിയ വളരെയധികം വളർന്നിരിക്കുന്നു. ഈമെയിലും മൊബൈലും സർവസാധാരണമായ ഈ കാലത്ത് ഇങ്ങിനെയൊരു കത്തെഴുതാൻ അനന്തുവിനെ പ്രേരിപ്പിച്ചതെന്തായിരിക്കും.

ചിലപ്പോൾ എന്റെ പ്രതികരണം, അല്ലെങ്കിൽ തന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങിനെയായിരിക്കും എന്നു നിശ്ചയമില്ലാത്തതാകാം.

കത്ത് എന്തായാലും തനിക്കു കിട്ടും എന്ന് അനന്തുവിന് തീർച്ചയുണ്ടാകും കാരണം ‘എസ് കെ’ ഇപ്പോൾ അറിയപ്പെടുന്ന ഒരു ഫിഗറാണല്ലോ.!. അതേ, മനസ്സിൽ ഒരിക്കലും അണയാത്ത അഗ്നികുണ്ഡവും പേറി നടക്കുന്ന പൊതുസമ്മതനായ വലിയൊരു ഉദ്യോഗസ്തൻ!.

അനന്തുവിന്റെ ഫോൺ നമ്പർ കത്തിലുണ്ടായിരുന്നു. വിളിച്ചു നോക്കിയാലൊയെന്ന് ആദ്യം ആലോചിച്ചതാണ്, പിന്നെ വേണ്ടെന്നു വച്ചൂ. ഫോണിൽക്കൂടി കേൾക്കുന്നതൂ സുഖകരമായ വാർത്തയല്ലെങ്കിൽ അതു എന്നെന്നേയ്ക്കുമായി ഒരു തീരാദു:ഖമായിരിക്കും.

രജിസ്‌ട്രേഡ് കത്തിലെ അനേകം തപാൽ മുദ്രകളിൽ ആദ്യത്തേത് അയാളുടെ കണ്ണിൽ പെട്ടു. ‘രാജപുരം’ മനസ്സു മന്ത്രിച്ചു. രാജകീയ പരിവേഷമണിഞ്ഞു നിൽക്കുന്ന രാജപുരം എന്ന വടക്കൻ ജില്ലയിലെ ഗ്രാമം മനസ്സിൽ തെളിഞ്ഞു…

അക്ഷാർത്ഥത്തിൽ തന്നെ രാജപുരത്തുകാർ രാജാക്കന്മാരായിരുന്നു എന്നു പറയാം സ്വത്തും പണവുമല്ല അവരെ അങ്ങനെയാക്കിയത്, അവരുടെ മനസ്സായിരുന്നു. പ്രജാവത്സനായ രാജാവിന്റെ പക്വതയും മാന്യതയും സ്നേഹവും ആത്മാർഥതയും ആ നാട്ടിലെ ഓരോ പൗരനുമുണ്ടായിരുനു.!

ആദ്യമായി രാജപുരത്തെത്തിയത് പതിനഞ്ചു വർഷങ്ങൾക്കു മുൻപ്, അന്നു തനിക്കു പതിനെട്ടു വയസ്സ്, എസ്‌കെ എന്ന ചുരുക്കപ്പേരില്ലാത്ത വെറും സുരേഷ് കുമാർ…

ഒരു വിദ്യാർത്ഥി ആയിട്ടാണ് സുരേഷ് രാജപുരത്തെത്തിയത്. ഗ്രാമത്തേയും അവിടത്തെ നിഷ്‌കളങ്കരും ശാലീനരുമായ നിവാസികളെയും ഉൾക്കൊള്ളിച്ചു ഒരു ഗവേഷണ പഠനമായിരുന്നു ഉദ്ദേശം.

ആ നാടു തന്നെ തിരഞ്ഞെടുക്കാൻ കാരണം അടുത്ത ഗ്രാമവാസിയായ അനന്തു എന്ന ഡോക്ടർ അനന്തനായിരുന്നു, -തന്റെ അടുത്ത സുഹ്രുത്തായ അനന്തു ആ ഗ്രാമം തിരഞ്ഞെടുത്തില്ലായിരുന്നു എങ്കിൽ എന്നു പലപ്പോഴും വെറുതെ മോഹിച്ചിട്ടുണ്ട്!.

ഗ്രാമത്തിന്റെ ഹ്രുദയഭാഗത്തു ബസ്സിൽ നിന്നിറങ്ങുമ്പോൾ അനന്തു കാത്തുനിന്നിരുന്നു. ഹാർദ്ദവമായി സ്വീകരിച്ചു തന്നെ അയാളുടെ താമസസ്ഥലത്തേയ്ക്കു നയിച്ചു. അദ്യം കുറച്ചു ദിവസങ്ങൾ അനന്തുവിന്റെ കൂടെ താമസിച്ചു.

രാജപുരത്തെ ജനങ്ങളുടെ ജീവനാടിയായ ഹെൽത്ത് സെന്ററിലെ ഏക ഡോക്ടറായിരുന്നു, അനന്തു. ഗ്രാമത്തിലെ ജനങ്ങളുടെ ഹ്രുദയത്തുടിപ്പുകൾ അനന്തുവിനു മനപ്പാഠമായിരുന്നതു പോലെ അവിടത്തെ ഏതു വിശേഷദിവസങ്ങളും ആഘോഷങ്ങളും പൂർണ്ണതയിലെത്തണമെങ്കിൽ ഡോക്ടർ അനന്തന്റെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമായിരുന്നു. അവിവാഹിതനായ ആ ഭിഷഗ്വരൻ കഴിവിലും മികച്ചതായതിനാൽ നാട്ടുകാർക്കെല്ലാം ആരാധനാ പാത്രമായി മാറാൻ അധിക കാലം വേണ്ടി വന്നില്ല.

അനന്തുവിന്റെ കൂടെ താമസിക്കാൻ ഏറെ നിർബന്ധിച്ചതാണ് പക്ഷെ സൗകര്യമായിരുന്നു വായിക്കുന്നതിനും എഴുതുന്നതിനും പൊതുക്കാര്യപ്രസക്തൻ കൂടിയായ ഡോക്ടറുടെ വീട് ശരിയാവുമെന്നു തോന്നിയില്ല.

ഗ്രാമത്തിലെ പല വ്യക്തികളും മിക്കവാറും തന്നെ അനന്തുവിന്റെ വീട്ടിലെ സന്ദർശകരായി ഉണ്ടായിരിക്കും. അനന്തുവിനെ സംബന്ധിച്ച് അതു ഏറെ സ്വീകര്യമായിരുന്നു എങ്കിലും തനിക്കതു ബുദ്ധിമുട്ടായി തോന്നിയിരുന്നു. അതു ചെറുപ്പം മുതലെ ഉള്ള ശീലമായതിനാലായിരിക്കും. എഴുതുകയൊ വായിക്കുകയൊ ചെയ്യുമ്പോൾ ആരും ശല്യപ്പെടുത്തുന്നതു ഒട്ടും ഇഷ്ടമില്ലാതായത് ഒറ്റയ്ക്കു വളർന്ന തന്റെ സാഹചര്യം കൊണ്ടായിരിക്കും.

-സമ്പന്നതയുടെ ഉന്നതിയിൽ ആഢിത്വവും ഉദ്യോഗ മഹിമയും ഉയർത്തിപ്പിടിച്ച് ബിസ്‌നസും ടൂറുമായി നടന്നിരുന്ന പിതാവിൽ നിന്നും ഒരിക്കൽ പോലും വാത്സല്യമൊ സ്‌നേഹമൊ സൗഹാർദമൊ ലഭിച്ചിരുന്നില്ല. പ്രസവിച്ചതു തന്നെ തെറ്റായിപ്പോയി എന്ന ഭാവം എന്നും അമ്മയുടെ മുഖത്തുണ്ടായിരുന്നു.!. ഇതിനെല്ലാമിടയിൽ തന്നിലേക്കുതന്നെ ചുരുങ്ങുകയായിരുന്നു!.

പക്ഷേ ഒരു കാര്യത്തിൽ മാത്രം രണ്ടു പേരും മത്സരിച്ചു- മകനെ പണം കൊണ്ടു സ്‌നേഹിക്കുന്നതിൽ- കൈ നിറയെ ചിലപ്പോൾ അതിൽ കൂടുതലും തന്നിരുന്നു, കൂടാതെ നല്ലൊരു ബാങ്ക് ബാലൻസും.

പണം കണ്ടു മഞ്ഞളിച്ചകണ്ണുകൾ ഒരു സാന്ത്വനത്തിനായി ഉഴറിയപ്പോൾ ഒരേയൊരു സുഹ്രുത്തയിരുന്ന അനന്തുവാണ് റിസെർച്ച് എന്ന ആശയം മനസ്സിലേക്ക് കയറ്റി വിട്ടത്. ഗ്രാമത്തിന്റെ തുടിപ്പുകൾ തേടിയുള്ള യാത്ര അങ്ങിനെ ആരംഭിച്ചു.

വീണ്ടും ചിന്തകൾ കാടു കയറുന്നു….!

രാജപുരം തനിക്കു അന്യമാകുന്നതു പോലെ. അവിടുത്തെ കുണ്ടനിടവഴികളും ടാറിടാത്ത റോഡുകളും കുമ്മായം പൂശിയിട്ടില്ലാത്ത ചുവരുകളുള്ള വീടുകളും, ഓലമേഞ്ഞ കുടിലുകളും എന്നിൽ നിന്നും അകലുന്നതു പോലെ തോന്നുന്നു!.

ഒട്ടിയ വയറിനുമേൽ വരിഞ്ഞുടുത്ത ഒറ്റ മുണ്ടും വെളുത്ത ചിരിയുമായി നടന്നു നീങ്ങുന്ന പുരുഷന്മാർ, മുണ്ടും റൗക്കയും ധരിച്ച വനിതകൾ, പൂമ്പാറ്റയെ പോലെ പാറിപ്പറന്നു നടക്കുന്ന ഗ്രാമത്തിന്റെ രോമാഞ്ചമായ കന്യകമാർ…

പൊടുന്നനെ ഒരു മിന്നൽ പിണർ പോലെ രശ്മി എന്റെ മനസ്സിലേക്കോടിയെത്തി!…

ചിന്തകൾ രാജപുരത്തു വിഹരിച്ചു തുടങ്ങി…. ധാവണിയുടുത്ത കളനാദം കാതുകളിൽ ഓടിയെത്തി, അതിന്റെ അലയടികൾ, കാലിലെ ചിലമ്പൊലികൾ…. മനസ്സിന്റെ താളം തെറ്റിക്കുന്നു…!

     ആ തേന്മൊഴികളിൽ ഒന്നുമാത്രം വേറിട്ടു നിന്നു!… ആ ശബ്ദം അകതാരിൽ പിടിച്ചുലച്ചു…. ഇക്കിളിപ്പെടുത്തുന്ന ഒർമ്മകൾ ലയവിന്യാസങ്ങളാൽ അന്തരങ്കത്തിൽരണനങ്ങൾ ജനിപ്പിക്കേണ്ടതിനു പകരം കൂർത്ത മുനയുള്ള അമ്പുകൾ പതിപ്പിക്കുകയായിരുന്നു!. മനോഭിത്തികളിൽ ചുടുനിണം പൊടിഞ്ഞു…! അതോടൊപ്പം ദേഷ്യമൊ, പരിഭവമൊ, വൈരാഗ്യമൊ എന്നു തിരിച്ചറിയാൻ കഴിയാത്തവിധം ആ രൂപം കൂടി തെളിഞ്ഞു..

രശ്മി!.

പുതിയ വീട്ടിലേക്കു താമസം മാറിയതിന്റെ രണ്ടാം ദിവസമായിരുന്നു ആദ്യമായി രശ്മിയെ കണ്ടത്. വീടിനു മുന്നിൽ പരന്നു കിടക്കുന്ന വയലേലകളുടെ താളങ്ങളിൽ തുടിക്കുന്ന ഭൂമിയുടെ നഗ്നസൗന്ദര്യം ആസ്വദിച്ചു നിന്ന എന്റെ മുന്നിലേക്കു വലതു വശത്തെ കൈവഴിയിലൂടെ അനന്തു കടന്നുവന്നത് പെട്ടെന്നായിരുന്നു.

തിരിഞ്ഞ് അനന്തുവിന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ പിന്നിൽ അവളെ കണ്ടു!. ദാവണിത്തുമ്പുകൾ കൈ വിരലിൽ ചിറ്റിയും അഴിച്ചും ഇടയ്ക്കിടെ ചൂണ്ടു വിരലിൽ കടിച്ചും കുനിഞ്ഞ ശിരസ്സോടെ നിന്നിരുന്നു – അവൾ ‘രശ്മി’.

അനന്തുവിന്റെ പിന്നിൽ നിന്നിരുന്ന അവൾ തലയുയർത്തി നോക്കി. അളകങ്ങൾ വീണു കിടക്കുന്ന നെറ്റിത്തടത്തിന്റെ ഭംഗിയും, മഷിയെഴുതാത്ത കറുത്ത മിഴിയും, ഇടതൂർന്ന കൺപീലിയും ഒരു നിമിഷം തനിക്കു ശ്രദ്ധിക്കതിരിക്കാൻ കഴിഞ്ഞില്ല!. മിഴികൾക്കു കീഴേ എതിർത്തു നിൽക്കുന്ന നാസികയും, അവയ്ക്കടിയിൽ തുടുത്തു നിന്നിരുന്ന ചുവന്ന ലേശം വിടർന്ന അധരങ്ങളും, അരുമയാർന്ന കീഴ്ത്താടിയും, നീണ്ടുരുണ്ട കഴുത്തും അധികം ശ്രദ്ധിക്കാതെ തന്നെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

പിന്നിടുള്ള ദിവസങ്ങളിൽ തന്റെ തൂലികാചിത്രം ശരിയായിരുന്നൂന്ന് മനസ്സിലായി. യഥാർത്ഥത്തിൽ രശ്മി ഒരു അപ്‌സരസ്സ് തന്നെയായിരുന്നു!.

”സുരേഷേ, നീ ഇവിടെത്തന്നെയാണൊ… അതൊ?”

”ങ്‌ഹേ,അനന്തുവൊ!..” ഇളിഭ്യത മറച്ച് തുടർന്നു ‘തൽകാലം ഇവിടെ തന്നെ പക്ഷേ, പ്രൊജക്ടിന്റെ ചിന്ത യിലായിരുന്നു”

അനന്തുവിനെ അകത്തേയ്ക്കു ക്ഷണിച്ച് മുന്നേ നടക്കുമ്പോൾ ‘മാൻപേട’ പിന്നിൽ തന്നെയുണ്ടെന്നു ഉറപ്പുവരുത്താൻ ‘ശകുന്തളയുടെ അടവു’ വേണ്ടി വന്നു. പാവം അനന്തുവിന് അതൊന്നും മനസ്സിലായെന്നു തോന്നിയില്ല. ഉമ്മറത്തെ കസേരയിൽ ഇരുന്ന് അനന്തു പുറത്തേയ്ക്കു നോക്കി വിളിച്ചു.

”രശ്മീ.. കേറി വരു”

പ്രതികരണം ഇല്ലതിരുന്നതിനാൽ അനന്തു വീണ്ടും വിളിച്ചു. ‘രശ്മീ… കയരിവരൂ കുട്ടി… ഇങ്ങിനെ നാണി ച്ചാലോ?”

മടിച്ച് ഏറെ വിഷമത്തോടെ സാവധാനം ഉമ്മറത്തേയ്ക്കു കയറി, ഇടങ്കണ്ണാൽ തന്നെ ഒന്നു നോക്കിയിട്ട് തൂണിനു പാതി മറഞ്ഞ് ശിരസ്സു താഴ്ത്തി നിന്നു.

”ഇവൾ രശ്മി. എന്റെയൊരു പേഷ്യന്റിന്റെ മകളാണ്. രാമൻ നായർ ഒരു കർഷകനാണ് കൂടാതെ ഇവിടുത്തെ ഒരു ലാന്റ്ലോഡുമാണ്.

അതിനെന്ത് എന്നർത്ഥത്തിൽ അനന്തുവിനേയും ആ കുട്ടിയേയും മാറി നോക്കി…

     അനന്തു എന്റെ നേരെ നോക്കി ഒന്നു പുഞ്ചിരിച്ചു

”നീ അമ്പരക്കേണ്ട കാര്യമൊന്നും ഇല്ല, ഇന്നു മുതൽ നിന്റെ ഭക്ഷണക്കാര്യം രാമൻ നായർ ഏറ്റിരിക്കുകയാണ്. ഞാൻ പറഞ്ഞിട്ടല്ല, അയാളെ ചികിത്സിച്ചതിന്റെ പ്രതിഫലം വാങ്ങാത്തതിനാൽ എന്തെങ്കിലും ഒന്നു ചെയ്യാതെ വയ്യ. അതിനായി അയാൾ തന്നെ നിർദ്ദേശിച്ചതാണ് ഇക്കാര്യം.”

എന്റെ പ്രതികരണം ശ്രദ്ധിച്ച് അനന്തു തുടർന്നു “ഭക്ഷണമൊക്കെ സമയാസമയം രശ്മി കൊണ്ടു വരും… നീ കഴിച്ചാൽ മാത്രം മതി.”

ഇതൊന്നും വേണ്ടായെന്നു പറയണമെന്നു തോന്നിയതാണ് പക്ഷെ ആ കുട്ടിയുടെ മുഖത്തേക്കു നോക്കിയപ്പോൾ അതിനു കഴിഞ്ഞില്ല.

തുടർന്നുള്ള ദിനങ്ങളിൽ അവൾ കൂടുതൽ അടുത്തു… ആദ്യ ദിവസത്തെ നാണം അവളിൽ പിന്നീട് കണ്ടില്ല. മറിച്ച് സ്വന്തം എന്നപോലെ അവൾ അടുത്തു പെരുമാറാൻ തുടങ്ങി. ചില പരിഭവങ്ങളും കുറച്ച് അധികാരത്തോടെയെന്ന ഭാവവും അതുപോലെ ചില സമയങ്ങളിൽ ശാസനയും നടത്താൻ അവൾ മടിച്ചില്ല!.

ആ ഗ്രാമത്തിന്റെ ശാലീനത മുഴുവനായും ഞാൻ അവളിൽ കാണാൻ തുടങ്ങിയപ്പോൾ ദിനരാത്രങ്ങൾ നിറമുള്ളതായി തോന്നാൻ തുടങ്ങി…

ഗ്രാമത്തിലെ ഒട്ടുമിക്ക സംഭവങ്ങളും അവളിലൂടെ ഞാൻ അറിഞ്ഞു. കൂടാതെ ആ ഗ്രാമത്തിന്റെ കഥകൾ ഒരു ചരിത്രകാരിയുടെ വിവേകത്തോടെ അവൾ അവതരിപ്പിച്ചു.

 എന്റെ ഗവേഷണങ്ങൾക്ക് കൂടുതൽ സഹായകമായിത്തീർന്നു അവളുടെ വിവരണങ്ങളും ഐതിഹ്യ കഥകളും. കൂടാതെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള സ്ഥലങ്ങൾ കാണിക്കുകയും വിവരിക്കുകയും ചെയ്തു. വാതോരാതെയുള്ള അവളുടെ സംഭാഷണങ്ങൾ ദിവസങ്ങളുടെ ദൈർഘ്യം ഏറെ കുറച്ചു.

രാജപുരത്തെ എന്റെ ജീവിതത്തിന് നിറമുള്ള സ്വപ്നങ്ങൾ സമ്മാനിച്ച രശ്മിയുടെ സാന്നിദ്ധ്യം ഊഷരമായിത്തീർന്നിരുന്ന എന്റെ മനസ്സിലെ ദർപ്പണത്തിൽ ഒരു നവീന അനുഭൂതിയുണർത്തുന്ന പ്രതിബിംബമായിത്തീർന്നു.

അന്നു മുതൽ രശ്മിയുടെ അധരങ്ങളിലൂടെ ബഹിർഗമിച്ച വാക്കുകളിലൂടെ ആർക്കും ദർശിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ആ ഗ്രാമത്തിന്റെ സൗന്ദര്യം എന്റെ തീസ്സിസിനെ പുതിയൊരു മേഘലയിലേക്കു നയിച്ചു.

ശാന്തമായി മുന്നോട്ടു നീങ്ങിയിരുന്ന എന്റെ ജീവിതത്തിന് വ്യതിയാനം സംഭവിച്ചത് പെട്ടെന്നയിരുന്നു… എന്റെ മനൊനിയന്ത്രണം പൂർണമായി നഷ്ടമായ ദിവസം അടുത്തു വരുകയായിരുന്നു.

2

രാജപുരത്തുനിന്ന് പോന്നതിനു ശേഷം അപൂർവമായി മാത്രമെ അനന്തുവിനെ കണ്ടിട്ടുള്ളു, അപ്പൊഴൊക്കെ രശ്മിയേക്കുറിച്ച് ഒന്നും തന്നെ അറിയാൻ കഴിഞ്ഞില്ല, ചോദിക്കാൻ മനസ്സനുവദിച്ചില്ല എന്നു പറയുന്നതായിരിക്കും ഏറെ ശരി.

 ചിലപ്പോൾ അതു തന്റെ സ്വാർത്ഥതയാവാം അല്ലായെങ്കിൽ അനന്തുവിനെ നേരിടുന്നതിനുള്ള ധൈര്യമില്ലായ്മയാവാം.

പൊറുക്കാവാത്ത തെറ്റു ചെയ്തതു പോലെ, അനന്തുവിനോട് വിശ്വാസവഞ്ചന കാണിച്ചു എന്നൊരു തോന്നൽ! തന്റെ മനസ്സാക്ഷിക്കു മുന്നിൽ തെറ്റുകാരനാണ് എന്നൊരു തിരിച്ചറിവ് എന്നും ബലപ്പെട്ടിരുന്നു…

ആ വ്യഥയും പേറി വിങ്ങലോടെ ഏറെ കാലമായി കഴിയുന്നു… കാത്തിരുന്ന പാഥയുടെ അന്ത്യത്തിൽ ഇതാ അനന്തുവിന്റെ കത്തു വന്നിരിക്കുന്നു…!

തന്റെ ജീവിതത്തിലെ മറക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഏടിന്റെ തുടക്കം എന്നായിരുന്നു? രശ്മി തന്റേതാണെന്ന് മനസ്സിൽ ഉരുവിട്ട് ഉറപ്പിച്ചിരുന്ന ആ നാൾ ഇന്നും വ്യക്തമായി ഓർക്കുന്നു…

പതിവിലേറെ മോടിയായി ഉടയാടകൾ ധരിച്ചാണ് അന്ന് അവളെത്തിയത്. ആ മുക്ധ സൗന്ദര്യത്തെ ഏറെനേരം നോക്കിനിന്നത് അറിഞ്ഞില്ല… അവളെ ചേർത്തണച്ച് രുധിരം തുടിച്ചു നിന്ന അധരങ്ങളിൽ ഒരു മുത്തം നൽകാൻ എന്റെ ചുണ്ടുകൾ ത്രസ്സിച്ചു.

‘സുരേഷേട്ടനെന്താ സ്വപ്നം കാണുകയാണോ… വരു കാപ്പി കുടിക്കേണ്ടെ” അവൾ അടുത്തെത്തി എന്റെ കൈകളിൽ പിടിച്ച നിമിഷം ഒരു സുഖമുള്ള നൊമ്പരം സിരകളിലൂടെ ഒഴുകിയെത്തുന്നത് അറിഞ്ഞു.

എന്താണ് തനിക്കു സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. രശ്മിയെ എന്നും കാണുന്നതാണ് എന്നാൽ ഇന്നെന്താണ് പ്രത്യേകത… എന്താണ് അവളിൽ നിന്നു ഉതിരുന്ന ഗന്ധത്തിന് ഇന്നിത്ര മാസ്മരികത!

‘സുരേഷേട്ടാ’ എന്നുള്ള അവളുടെ വിളി ഉള്ളം നിറച്ചൂ. എത്ര ശ്രമിച്ചിട്ടാണ് അവളെക്കൊണ്ട് ഇങ്ങിനെ വിളിപ്പിക്കാൻ കഴിഞ്ഞതെന്നു ഓർത്തു. ആദ്യമൊക്കെ ചമ്മലായിരുന്നു അങ്ങിനെ വിളിക്കാൻ പക്ഷെ പെട്ടെന്നു തന്നെ അവൾ അതു പരിഹരിച്ചു. കൂടുതൽ അടുത്തപ്പോൾ അവളുടെ സാന്നിദ്ധ്യം മനസ്സിന്റെ ഒരു ഭാഗമായിത്തീർന്നു.

”ഹേയ്… ഇതെന്തു പറ്റി ഈ ചേട്ടന്…” അവൾ തോളിൽ പിടിച്ച് പറഞ്ഞു ‘ഇതു ഞാൻ തന്നെയാണ് രശ്മി”

തുറിച്ചു നോക്കിനിന്ന തന്റെ കവിളിൽ വിരൽകൊണ്ട് ഒന്നു കുത്തിയിട്ടു പൊട്ടിച്ചിരിച്ചു. വളപ്പൊട്ടുകളുടെ കിലുകിലാരവം പോലുള്ള ആ ചിരി തന്റെ ബോധമനസ്സിനെ പിടിച്ചുലച്ചു…

”ഇതെന്താ പെണ്ണെ ഇന്നൊരു വ്യത്യസ്ഥത” ജാള്യത മറക്കാൻ ശ്രമിച്ച് തുടർന്നു ”ഇന്നെന്റെ സുന്ദരിക്കുട്ടി ഒരു അപ്‌സരസ്സായിട്ടാണല്ലൊ പ്രത്യക്ഷപ്പെട്ടത്, എന്താ പ്രത്യേകത?”

”ഇന്നൊരു വിശേഷോണ്ട്” കൈവിരൽ കടിച്ച് അവൾ എന്റെനേരെ നോക്കി. ”സുരേഷേട്ടന് പറയാമോ എന്താണെന്ന്”

”പറഞ്ഞാൽ എന്തു സമ്മാനം തരും” മരുപടിയായി അങ്ങിനെ പറയാനാണ് തോന്നിയത്

”ദാ ഇതു തരാം” അവൾ ചെറിയൊരു തൂക്കുപാത്രം ഉയർത്തിക്കാണിച്ചു.

തൂക്കുപാത്രത്തിലേക്ക് നോക്കിയ കണ്ണൂകൾ വിരലുകളിലൂടെ, കൈത്തണ്ടയിലൂടെ മുകളിലേക്കു സഞ്ചരിച്ച് തോളിലെത്തി നിന്നു…

നേർത്ത ധാവണിയുടെ സുതാര്യതയിലൂടെ തെളിഞ്ഞു കണ്ട നനുത്ത രോമരാജികളിലൂടെ നയനങ്ങൾ പൊക്കിൾ ചുഴിയിലേക്ക് വഴുതി വീണപ്പോൾ ധമനികളിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു…

മനസ്സിന്റെ പതർച്ച മറക്കാൻ ശ്രമിച്ച് പറഞ്ഞു ”ഇന്നു എന്റെ സുന്ദരിയുടെ പിറന്നാളാണ്… ശരിയല്ലേ.”

പെട്ടെന്ന് അവളുടെ കറുത്ത നീണ്ട നയനങ്ങൾ വിടർന്നു… അത്ഭുതത്തോടെ എന്നെ നോക്കി.

അവളുടെ കൈയ്യിൽ നിന്നും തൂക്കുപാത്രം വാങ്ങി തുറന്നു, സുഖകരമായ, രുചിദായകമായ പായസത്തിന്റെ ഗന്ധം അവിടാകെ നിറഞ്ഞു…

ചെറു ചിരിയോടെ അവൾ അകത്തേയ്ക്ക് പോയി ഒരു ഗ്ലാസ്പാത്രമെടുത്ത് അതിലേക്കു പായസം എടുത്ത് എന്റെ നേരെ നീട്ടി.

പായസത്തിന്റെ പാത്രം വലതു കൈയ്യിൽ വാങ്ങി ഇടതു കരത്താൽ അവളെ ചേർത്തു പിടിച്ച് പാത്രം ചുണ്ടി ലേക്ക് അടുപ്പിച്ചു…

അത്ഭുതത്തോടെ നിന്ന അവളുടെ ചഞ്ചല മിഴിയിലേക്ക് നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ”നൂറു നൂറു ജന്മദിനങ്ങൾ നിനക്ക് ഞാൻ ആശംസിക്കുന്നു”.

ആ നിമിഷം അവളുടെ കരിമിഷികളിൽ രണ്ടിറ്റു ജലം പൊടിഞ്ഞത് സന്തോഷം കൊണ്ടായിരുന്നിരിക്കാം. ഒരു പൂച്ചക്കുട്ടിയെപ്പോലെ അവൾ എന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു…

പിന്നീടുള്ള ദിവസങ്ങളിൽ അവളിലൊരു പുതിയ ഉന്മേഷം പ്രകടമായത് ശ്രദ്ധിച്ചിരുന്നു. ആ നിമിഷങ്ങളിൽ അവളിൽ ദർശിച്ച ഭാവം അനുരാഗമായിരുന്നോ അതോ അനുഭൂതിയായിരുന്നോ?. അതല്ലെങ്കിൽ മറ്റെന്തെങ്കിലുമൊ എന്നു നിശ്ച്ചയിക്കാൻ കഴിഞ്ഞില്ല…

അവളുടെ ഭാവം എന്തായിരുന്നാലും ഒന്നു തന്റെ മനസ്സിൽ ഉറപ്പിച്ചിരുന്നു. രശ്മി അവൾ എന്റെ ജീവിതത്തിന്റെ പ്രകാശമായിക്കഴിഞ്ഞിരുന്നു എന്നത്!

അവൾ അടുത്തു വരുമ്പോഴൊക്കെ തന്റെ മനസ്സിന്റെ ഉള്ളറകളിൽ കുളിരുള്ള ഒരു വികാരം തളിർക്കുന്നത് അറിഞ്ഞിരുന്നു!. അവളുടെ സാമീപ്യത്താൽ മാത്രമെ തന്നിലെ പുരുഷന് പൂർണ്ണത കൈവരിക്കാൻ കഴിയുകയുള്ളു എന്ന് തിരിച്ചറിയുന്നു!

ഞൊറിവുള്ള പാവാടയിലും നഗ്നമായ കുഴുത്തിലും തെളിഞ്ഞു കാണുന്ന യുവത്വത്തിന്റെ സാമീപ്യം ദിനം തോറും കൂടുതൽ കൂടുതൽ എന്നെ അവളിലേക്ക് അടുപ്പിക്കുകയായിരുന്നു.

ഇന്നലെ വരെ കാണാതിരുന്ന സൗന്ദര്യം അവളിൽ കണ്ടു… പെട്ടെന്നൊരു ദിവസം കൗമാരത്തിന്റെ പടിക്കെട്ടിൽ നിന്നും യൗവ്വനത്തിന്റെ മട്ടുപ്പാവിലേക്ക് അവൾ പടർന്നു കയറിയതു പോലെ! ചിലപ്പോൾ അതു തന്റെ തോന്നലായിരിക്കും അതുമല്ലെങ്കിൽ ഇതുവരെ താനവളെ ശ്രദ്ധിച്ചില്ലാ യിരിക്കാം.

പക്ഷേ ഇന്ന്…

എന്റെ ഓരോ രോമകൂപവും അവളുടെ സ്പർശനത്തിനായി കൊതിക്കുന്നു! ഓരൊ അണുവും അവളുടെ സാമീപ്യത്തിനും ഗന്ധത്തിനുമായി മോഹിക്കുന്നു! സിരകൾ തലോടലിനായി ത്രസ്സിക്കുന്നു, ഇന്ദ്രിയങ്ങൾ സാമീപ്യ ത്തിനായി വെമ്പൽ കൊള്ളുന്നു!

ഒരു പുതിയ ഗ്രാമമായിരുന്നു അന്നു മുതൽ തന്റെ മുന്നിൽ കണ്ടത്!

പച്ചപ്പട്ടു വിരിച്ചുനിൽക്കുന്ന നെൽ വയലുകളും നീലാകാശത്തിൽ കുട പിടിച്ചുനിൽക്കുന്ന തെങ്ങിൻ തലപ്പുകളും ചക്രവാളത്തിലൂടെ പറന്നു നടക്കുന്ന ദേശാടനക്കിളികളും ഇന്നോളം നൽകിയിട്ടില്ലാത്ത വിധം മനസ്സിനെ ആഹ്ലാദഭരിത മാക്കുന്നു!

മുറ്റത്തു പടർന്നുനിൽക്കുന്ന പേരമരത്തിലും തൊടിയിലെ തേന്മാവിലും തൈത്തെങ്ങിന്റെ കുഞ്ഞോലകളിലും ചാടിക്കളിച്ചു നടക്കുന്ന ആറ്റക്കിളികൾ തന്റെ മനസ്സിന്റെ രാഗം ഏറ്റു പാടുന്നതു പോലെ സംഗീതം പൊഴിക്കുന്നു!

കവുങ്ങുകളിലും തെങ്ങിലും ചാടിനടന്ന് കിലുകിലെ ചിലക്കുന്ന അണ്ണറക്കണ്ണന്മാരുടെ ശബ്ദവീചികൾ ‘രശ്മി’ ‘രശ്മി’ എന്നു തുടിക്കുന്ന തന്റെ ഹ്രുദയസ്പന്ദനം പോലെ തോന്നി!

കുണ്ടനിടവഴിയിൽ നിന്നും തൊടിയിലേക്ക് കടക്കുന്ന കയ്യാലയ്ക്കും അഭൗമമായ സൗന്ദര്യം. ഹരിതാഭയിൽ കുളിച്ച് വളർന്നു നിൽക്കുന്ന വയലോലകൾ മന്ദമാരുതന്റെ പരിലാള നത്താൽ മെല്ലെ മെല്ലെ ഇളകുമ്പോൾ തെളിയുന്ന നടവരമ്പിന് ഒരു സുന്ദരിയുടെ അടിവയറിനോട് ചേർന്നു കിടക്കുന്ന പൊന്നരഞ്ഞാണത്തിന്റെ ഭംഗി തോന്നി!

-എന്തിനും ഏതിനും അവർണ്യമായ അഴകു ദർശിക്കുന്ന പ്രായമായിരുന്നു അന്ന് തനിക്ക്… ഒരു കാമുക ഹ്രുദയത്തിനു മാത്രമായുണ്ടാകുന്ന കഴിവ്.

ഭക്ഷണം എത്തിക്കുക എന്നതിനേക്കാൾ രശ്മി അത് തന്നെ ഊട്ടിക്കുകയയിരുന്നു എന്നു വേണം കരുതാൻ. പലപ്പോഴും ആഹാരത്തിനു മുന്നിൽ വലിയ താൽപ്പര്യം കാണിച്ചിട്ടില്ലാത്ത തനിക്ക് രശ്മിയുടെ സാന്നിദ്ധ്യത്തിൽ അത് ആഗ്രഹമായി മാറിയെന്നതാണ് ശരി. പലപ്പോഴും ഭക്ഷണത്തിനായി കാത്തിരുന്നു എന്നതാണ് സത്യം!

പാതിരാക്കോഴി കൂവിക്കഴിഞ്ഞാൽ പിന്നെ വെളുക്കും വരെ ഉറങ്ങുകയായിരുന്നു എന്നതിനേക്കാൾ രശ്മിയുടെ പാദസ്വനത്തിനായി കാതോർത്ത് കിടക്കുകയായിരുന്നു എന്നു പറയുന്നതാണ് ശരി. ബാലാർക്കന്റെ കിരണങ്ങൾ പൊന്നാഭയണിയുന്നത് എന്റെ രശ്മിയുടെ മുഖ കമലത്തിൽ പതിക്കുന്നതുകൊണ്ടാണെന്ന് കാമുക മനസ്സ് മന്ത്രിച്ചു!

വിളമ്പിയ ചോറിൽ നിന്ന് ഒരു ഉരുളച്ചോറ് എന്നും അവൾക്ക് കൊടുത്തിരുന്നു, പിന്നെ അതൊരു പതിവായിത്തീർന്നപ്പോൾ അവൾ അതൊരു അവകാശമായി നിർവ്രുതിയോടെ സ്വീകരിച്ചു. ഓരോ ഉരുളയും വായിലേക്കു വയ്ക്കുമ്പോൾ നനുത്ത ചുണ്ടുകളിൽ എന്റെ വിരൽ കൊണ്ട് ഒന്നു താലം പിടിക്കുന്നത് ഒരു രസമായിരുന്നു. അപ്പോഴൊക്കെ കുസ്രുതിയോടെ അവൾ തന്റെ വിരൽത്തുമ്പിൽ മുല്ലമൊട്ടുകൾ പോലുള്ള ദന്തത്താൽ മെല്ലെ കടിക്കും…

‘രശ്മി… അവൾ എന്റെ ജീവന്റെ പ്രഭ’ ഒരു മന്ത്രം പോലെ മനസ്സെന്നും ഉരുവിട്ടിരുന്നു. അനുരാഗലോലമായ ആ ദിനങ്ങൾക്ക് അധികം ആയുസില്ലായിരുന്നു!

എല്ലാ പ്രതീക്ഷയും സങ്കൽപ്പങ്ങളും അസ്തമിക്കാൻ തുടങ്ങിയത് ആ ദുർദിനത്തിലായിരുന്നു!

തന്നെ അനന്തമായ ദു:ത്തിലാഴ്ത്തിയ ആ ദിവസം!

-ഇന്നും നടുക്കത്തോടെ ഓർമ്മിക്കുന്ന ആ ദിവസം!

3

അന്ന് പതിവിനു വിപരീതമായി സാമാന്യം നല്ല രീതിയിൽ മഴ പെയ്യുന്നുണ്ടായിരുന്നു, ആരും പുറത്തേയ്ക്ക് ഇറങ്ങാൻ മടിക്കുന്ന തരത്തിലെ പേമാരി!

വയലേലകളിൽ ചീറ്റിയടിക്കുന്ന കാറ്റും അവയ്ക്ക് അകമ്പടിയായി വീഴുന്ന മഴത്തുള്ളികളും ശ്രദ്ധിച്ച് വരാന്തയിൽ ഇരുന്ന ഉച്ചകഴിഞ്ഞ സമയം…

നനഞ്ഞ് കുളിച്ചാണ് രശ്മി അന്ന് ഭക്ഷണവുമായി വന്നത്. എത്തിയ പാടെ പാത്രം താഴെ വച്ചിട്ട് ‘നശിച്ച മഴ’ എന്ന ആത്മഗതത്തോടെ ധാവണി അഴിച്ച് കൂട്ടിപ്പിഴിയാൻ തുടങ്ങി.

ഇടയ്ക്ക് തന്നെ ഒന്നു നോക്കി ചിരിച്ചിട്ട് നനഞ്ഞ തുണിത്തുമ്പുയർത്തി വീശി തന്റെ നേരെ വെള്ളം തെറിപ്പിക്കാനും അവൾ മറന്നില്ല.

പിഴിഞ്ഞെടുത്ത ധാവണി അരമതിലിൽ വിരിച്ചിട്ടിട്ട് കുനിഞ്ഞ് പാവാടത്തുമ്പുയർത്തി കൂട്ടിപ്പിഴിഞ്ഞു. തന്നോടായിട്ടും സ്വയമെന്നോണവും അവൾ എന്റൊക്കെയോ പറയുന്നുണ്ടായിരുന്നു പക്ഷേ, അതൊന്നും തന്റെ കാതിൽ എത്തിയില്ല, തന്റെ കണ്ണും മനസ്സും അവളുടെ നനവാർന്ന രൂപത്തിൽ ലയിച്ചിരിക്കുകയായിരുന്നു!.

നനഞ്ഞൊട്ടിയ ചോളിയിൽ തെളിഞ്ഞു നിന്ന മാസളതയും ആലില വയറും തന്റെ നയനങ്ങളിൽ നിറഞ്ഞു നിന്നു. തന്റെ നേരെ കുനിഞ്ഞു നിന്നിരുന്ന അവളുടെ യൗവന ത്തുടിപ്പുകൾ മനോനിലയെ അനിയന്ത്രിതാമാക്കാൻ തുടങ്ങി…

ആ അനാഘ്രാത കുസുമത്തെ ആവോളം ആസ്വദിച്ചു നിന്ന നിമിഷം അവൾ തലയുയർത്തി എന്റെ നേരെ നോക്കി. എന്നിട്ട് ഒരു കുസ്‌റുതിയോടെ ആ വേഷത്തിൽ തന്നെ എന്റെ നേരെ അടുത്തേയ്ക്കു വന്നു.

”സുരേഷേട്ടൻ നനയാതെ രസിച്ച് ഇരിക്കുകയാണല്ലെ” അവളുടെ ശബ്ദത്തിൽ സുമുള്ളൊരു പരിഭവം തെളിഞ്ഞു നിന്നു. ”എന്നിട്ട് ഞാൻ നനഞ്ഞുകുളിച്ച് ഭക്ഷണം കൊണ്ടുവന്നതിന് ഒരു സഹതാപം പോലുമില്ല… ഭയങ്കരൻ”

രശ്മിയുടെ ഉച്വാസവായു മുഖത്ത് തട്ടുന്നത്രയും അടുത്താണ് അവൾ നിന്നിരുന്നത്. ആ സാമീപ്യം, ആ സൗരഭ്യം എന്റെ സിരകളെ ചൂടുപിടിപ്പിച്ചു തുടങ്ങിയ നിമിഷം…

”അങ്ങിനെയായാൽ പറ്റില്ലല്ലൊ, ചേട്ടനും ഒന്നു നനഞ്ഞാലെന്താ” അവളുടെ ചോദ്യം പെട്ടെന്നയിരുന്നു അതോടൊപ്പം ഈർപ്പമുള്ള ധാവണിയെടുത്ത് എന്നെ മുഴുവനായും പുതപ്പിച്ച് കൗതുകത്തോടെ എന്റെ നേരെ നോക്കി… തന്നിൽ യാതൊരു ഭാവവ്യത്യാസവും കാണാഞ്ഞ് അവൾ ധാവണിയോട് ചേർത്ത് എന്നെ ഇറുക്കെ പുണർന്നു..!

ആ നിമിഷം…

അവളുടെ സ്‌നിഗ്ദ മാസളത എന്റെ ദേഹത്തമർന്ന നിമിഷം… കെട്ടി നിർത്തിയിരുന്ന വികാരത്തിന്റെ കടിഞ്ഞാൺ തകർന്നു വീഴുന്നത് തടയാൻ കഴിയാതെ മനസ്സ് നിസ്സഹായനാകുന്നത് വിറയലോടെ അറിഞ്ഞു!

സാവധാനം അവളെ എന്റെ വക്ഷസ്സിലേക്ക് ചേർത്തു പിടിച്ചു… തന്റെ ദേഹത്തെ ചൂട് അവളുടെ തണുത്ത ദേഹത്തിന് ഊഷ്മളത നൽകിയിരിക്കാമെന്നു തോന്നി അവൾ തന്നിലേക്ക് കുറച്ചുകൂടി ചേർന്നു നിന്നു…

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ ഒരു കൊള്ളിയാൻ മിന്നി ഒപ്പം തന്നെ കാതടപ്പിക്കുന്ന ഇടിയൊച്ചയും അവിടെ മുഴങ്ങി…

ഒരു നടുക്കത്തോടെ രശ്മി എന്നെ ഇറുകെ പുണർന്നു. അവളെ ചേർത്തു പിടിച്ച് താൻ അടുത്തു കിടന്ന ബഞ്ചിലേക്ക് ഇരുന്നു…

ആർത്തലച്ചു പെയ്യുന്ന പേമാരിയിൽ പരിസരമാകെ ഇരുണ്ടതു പോലെയായിരുന്നു. ഓടിറമ്പിൽ നിന്നും ധാരയായി വീണിരുന്ന ഇറവെള്ളം വരാന്തയ്ക്ക് ഒരു തിരശ്ശീല തീർത്തു.

വിറയ്ക്കുന്ന വിരലുകൾ അവളുടെ തണുത്ത മേനിയിലൂടെ സവധാനം സഞ്ചരിച്ച നിമിഷം ഒരു മായാ ലോകത്തിൽ അകപ്പെട്ടതു പോലെ അവളുടെ മിഴികൾ അടഞ്ഞു!

അരുമയാർന്ന കൺപീലികൾക്കു മുകളിൽ ചുടുചുമ്പനം നൽകി ഇടതു കൈയാൽ അവളെ ചേർത്തു പിടിച്ചു.

വലതു കൈയിലെ വിരൽത്തുമ്പുകൾ സാവധാനം അവളുടെ മാറിടത്തിലൂടെ താഴേക്ക് നീങ്ങി നീങ്ങി പൊക്കിൾ ചുഴിയുംകടന്ന് നീല രോമരാജികളിലൂടെ താഴേക്ക് അരിച്ചിറങ്ങി… തന്റെ സിരകളിലെ നിണപ്രവാഹം ധ്രുതഗതി യിലായി…

പൊടുന്നനെ അവളുടെ കണ്ണുകൾ ചടുലതയോടേ തുറക്കപ്പെട്ടു!

ശക്തമായി തന്നെ പിന്നിലേക്ക് തള്ളിയ അവളെ വീണ്ടും ആവേശത്തോടെ വലിച്ചടിപ്പിച്ചു…

അവളുടെ ചെറുത്തു നിൽപിന്റെ ബലം കുറഞ്ഞു തുടങ്ങി പക്ഷെ ആ കണ്ണുകളിൽ തീഷ്ണമായ ഒരു ജ്വാല തെളിഞ്ഞു വന്നത് ഞാൻ ഒരു വിറയലോടേയാണ് കണ്ടത്.

നിമിഷങ്ങൾക്കുള്ളിൽ തന്നെ ഉള്ളിൽ നിറഞ്ഞു തുടങ്ങിയിരുന്ന വികാരങ്ങൾ തണുത്തുറഞ്ഞു. അവളുടെ കണ്ണു കളുടെ തീവ്രഭാവം എന്നിലെ പൗരുഷത്തെ നിർജീവമാക്കി…

നിശ്ചലം നിന്ന അവളുടെ നേരെ നോക്കിയ എനിക്ക് ആ ഭാവം എന്താണെന്നു ഗ്രഹിക്കാൻ കഴിഞ്ഞില്ല.

”രശ്മി”

ശിലപോലെ നിന്നിരുന്ന അവളെ തട്ടി വിളിച്ചു ”രശ്മി”

ഒരു അപരിചിതനെയെന്ന പോലെ അവൾ തന്നെ നോക്കി… ഒന്നും സംസാരിച്ചില്ല…

വലിയൊരു അപരാധം ചെയ്തുപോയതു പോലെ തന്റെ മനം കേഴുവാൻ തുടങ്ങി.

ജ്വലിച്ചു നിന്ന കണ്ണുകളിൽ ജലാംശം പൊടിയുന്നത് കണ്ടു!

”രശ്മി, എന്തു പറ്റി നിനക്ക്” തെല്ലു പതർച്ചയോടെയാണ് ചോദിച്ചത്. അവൾ മറുപടിയൊന്നും പറഞ്ഞില്ല. യാതൊരു ഭാവഭേദവുമില്ലതെ എന്നെത്തന്നെ തുറിച്ച് നോക്കി ക്ഷണനേരം നിന്നു പിന്നെ ആരോ പിടിച്ചു വലിച്ചതു പോലെ പെട്ടെന്ന് എഴുന്നേറ്റു പുറത്തേയ്ക്ക് നടന്നു…

കോരിച്ചൊരിയുന്ന മഴയിലൂടെ ചിത്തഭ്രമത്തിനടിമയായതു പോലെ പോകുന്ന രശ്മിയെ തിരിച്ചു വിളിക്കാനൊ നിന്ന നിലയിൽ നിന്ന് അനങ്ങാനോ പോലുമാകാതെ വരാന്തയിൽ പ്രതിമകണക്കെ തന്നെ നിന്നു…

അവളുടെ ഭാവമാറ്റം, നിശ്ചയധാർഢ്യം, എല്ലാം തന്നെ തന്റെ മനസ്സിൽ ആഴത്തിലുള്ള മുറിവുകളാണ് ശ്രുഷ്ടിച്ചത്. പൊടുന്നനെ ആകാശത്തെ കീറിമുറിച്ച് ഒരു കൊള്ളിയാൻ മിന്നി കൂടെ ശക്തമായ ഒരിടി വെട്ടിയത് തന്റെ ഹ്രൂദയ ത്തിലാണ് തറച്ചത്!

അചഞ്ചലമായ മനസ്സോടെ പേമാരിയെ വകവയ്ക്കാതെ അകന്നു പോകുന്ന രശ്മിയുടെ രൂപം എന്റെ മനോഭിത്തികളിൽ ഉണങ്ങാത്ത മുറിവുണ്ടാക്കി…

ഇനി സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളോർത്തപ്പോൾ ഉള്ളം വിറകൊണ്ടു… അനന്തു, രശ്മിയുടെ പിതാവ് രാമൻ നായർ, പിന്നെ തനിക്കു പരിചയമുള്ള, തന്നെ അറിയുന്ന ഗ്രാമവാസികളുടെ മുഖങ്ങൾ അവയെല്ലാം മുന്നിൽ വലിയൊരു പ്രഹേളികയായി എന്നെ തുറിച്ചു നോക്കി!.

ദിവസങ്ങൾ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി, പുറത്തേയ്ക്ക് ഇറങ്ങാൻ മനസ്സനുവദിച്ചില്ല, കാലവർഷം ഒരനുഗ്രഹമായി എന്നു വേണം കരുതാൻ… ഏറെ പ്രയാസമുണ്ടാക്കിയത് തന്റെ ഉച്ചഭക്ഷണം മുടങ്ങിയില്ലയെന്നതാണ്.

രശ്മിയ്ക്കു പകരം അവരുടെ വീട്ടിൽ ജോലി ചെയ്യുന്നവരോ ചിലപ്പോൾ രാമൻ നായർ നേരിട്ടൊ അതു നിർവഹിച്ചിരുന്നു. രശ്മിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനുള്ള മാനസിക നില ഒരിക്കലും ഉണ്ടായില്ല. ചോദിക്കാതിരിക്കാനും കഴിഞ്ഞില്ല. ആ ജോലിക്കാരിയോട് ആരായുമ്പോൾ ഉള്ളം പിടയ്ക്കുന്നത് വെളിയിൽ അറിയാതിരിക്കാൻ ഏറെ ശ്രമിച്ചൂ.

”രശ്മിയെ കാണുന്നില്ലല്ലൊ, എന്തു പറ്റി?”

”സാററിഞ്ഞില്ലായിരുന്നൊ… രശ്മിമോൾ പനിച്ച് കിടക്കേണ്” അവരുടെ മറുപടിയിൽ അത്ഭുതം.

”ഞാൻ അറിഞ്ഞില്ല” സ്വരം പതറാതിരിക്കാൻ ശ്രമിച്ചു.

”ഒരു ദിവസം മുഴുക്കെ മഴ നനഞ്ഞതാണ് ആ കൊച്ച്. അടുത്ത ദിവസം ജ്വരം പിടിച്ച് കിടപ്പായി”

മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല… വീഴാതിരിക്കാൻ ഉമ്മറപ്പടിയിൽ മുറുകെ പിടിച്ചൂ, കാലുകൾ തളർന്നു, ശരീരത്തിന്റെ ഭാരം താങ്ങാനാവാതെ വന്നതോടെ പടിയി ലേക്ക് ഇരുന്നു… അവർ നേരത്തെ തന്നെ നടന്നു കഴിഞ്ഞിരുന്നതിനാൽ തന്റെ ഈ അവസ്ഥ കണ്ടില്ല.

ഏതാനും ദിവസങ്ങൽക്കു ശേഷം പുറത്തേയ്ക്ക് ഇറങ്ങിയത് തെല്ലൊരു ശങ്കയോടെയാണ്. ആ സംഭവത്തേക്കുറിച്ച് ആരും ഒന്നുമറിയാത്തതു പോലെയായിരുന്നു പെരുമാറിയത്.

രശ്മിയെ ചെന്നു കാണണമെന്നു ഏറെ ആഗ്രഹിച്ചു പക്ഷേ പോകാൻ മനസ്സനുവദിച്ചില്ല. അവളുടെ ഈ സ്ഥിതിയ്ക്ക് തന്റെ അവിവേകമാണ് കാരണമെന്ന തിരിച്ചറിവ് ഹ്രുദയത്തെ പിടിച്ചുലച്ചു.

അപ്പോഴും ആ കനക വിഗ്രഹം ഉള്ളിന്റെ ഉള്ളിൽ ഏറെ ശോഭയോടെ ജ്വലിച്ചു നിന്നു. ആ രൂപത്തോട് കൂടുതൽ ആരാധന തോന്നുകയായിരുന്നു ഓരോ നിമിഷവും.

എങ്ങിനെ പോകുമെന്ന ചിന്ത ചിത്തത്തെ ശക്തിയായി മഥിക്കാൻ തുടങ്ങി. പോയാൽ തന്റെ മുഖമമൂടി ചിന്തപ്പെടുമെന്ന ആശങ്കയും പോയില്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ നന്ദികെട്ടവനാകുമല്ലൊയെന്ന വൈഷമ്മ്യവും ഒരേ സമയം തന്റെ സ്വസ്ഥതയെ അക്രമിച്ചു!

രശ്മിയോടുള്ള സ്‌നേഹത്തിന്റെയും ആരാധനയുടെയും ശക്തിയ്ക്കുമുന്നിൽ തന്റെ മൂടുപടത്തിന് പ്രസക്തിയില്ലാതായി, അവളെ പോയിക്കാണുന്നതിനു തന്നെ തീരുമാനിച്ചു.

വീട്ടിനു മുന്നിലെ കയ്യാലയിൽ നിന്നും വഴിയിലേക്ക് ഇറങ്ങിയത് അനന്തുവിന്റെ മുന്നിലേക്കാണ്. പെട്ടെന്ന് അനന്തുവിനെ മുന്നിൽ കണ്ടപ്പോൾ മനസ്സൊന്നു പതറിയെങ്കിലും നിയന്ത്രണം പാലിച്ച് അരാഞ്ഞു ”ഞാൻ അങ്ങോട്ട് ഇറങ്ങു കയായിരുന്നു”

അനന്തു മറുപടിയൊന്നും പറഞ്ഞില്ല, നീട്ടിയൊന്നു മൂളിയിട്ട് എന്റെ കൈ പിടിച്ച് വീട്ടിലേക്കു തന്നെ തിരിച്ചു നടന്നു. എല്ലാം അറിയാമെന്നുള്ള ഭാവം അനന്തുവിന്റെ മൗനത്തിനുണ്ടായിരുന്നു.

ഒരു പാവകണക്കെ അയാളുടെ കൂടെ വീട്ടിനകത്തേയ്ക്കൂ കയറുമ്പോൾ ഈ ലോകം തന്നെ അവസാനിക്കുന്നതു പോലെ തോന്നി!.

ഉമ്മറത്തെ കയ്യാലയിൽ ഇരുന്ന് അനന്തു ചോദിച്ചു ”സുരേഷിന്റെ റിസർച്ച് എവിടെവരെയായി”

അപ്രതീക്ഷിതമായ ആ ചോദ്യത്തിനു മുന്നിൽ പതറിയത് അനന്തു അറിഞ്ഞു.

”തീർന്നു… ഇനി തീസ്സിസിന്റെ ഫെയർ കോപ്പി തയ്യാറാക്കിയാൽ മതി”

”ഇനിയുള്ള ജോലി ഇവിടെവച്ചു തന്നെ ചെയ്യണമെന്നുണ്ടോ”

വീണ്ടും അനന്തുവിന്റെ മുന്നിൽ മറുപടിക്കായി വാക്കുകൾ കിട്ടാതെ കുഴങ്ങി. പതർച്ചയോടെ നിന്ന എന്റെ നിസ്സംഗത ശ്രദ്ധിക്കാതെ അനന്തു തുടർന്നു.

”എല്ലാ വിവരവും രശ്മി എന്നോട് പറഞ്ഞു… കേട്ടപ്പോളെനിക്ക് എന്നോടുതന്നെ വെറുപ്പാണ് ഉണ്ടായത്. എല്ലാത്തിനും ഞാനാണല്ലോ കാരണക്കാരൻ. ആ കുട്ടി ആകെ അപ്‌സെറ്റാണ്… മാനസിക രോഗിയാവുമൊയെന്നു പോലും എനിക്കു സംശയമുണ്ട്”

ഒരു ഞെട്ടലോടെയാണ് അനന്തുവിന്റെ വാക്കുകൾ കേട്ടത്. എന്തു മറുപടി പറയണമെന്നു നിശ്ചയമില്ലാതെ വിദൂരതയിലേക്ക് കണ്ണയച്ചൂ. ഇതുവരെ കണ്ടിട്ടില്ലത്ത ഒരാളാണ് ഡോക്ടർ അനന്തുവെന്നു ഒരു നിമിഷം തോന്നി!.

”നീ ഇത്രയ്ക്ക് മോശമായി ആ കുട്ടിയോട് പെരുമാറിയെന്ന് എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. രശ്മിയുടെ പെരുമാറ്റത്തിൽ നിന്നും എനിക്കു മനസ്സിലായത് നിന്റെ പേരുപോലും ആക്കുട്ടി വെറുക്കന്നു എന്നാണ്”.

”അനന്തു!” അക്ഷരാർഥത്തിൽ തന്നെ ഉള്ളം വിറച്ചൂ.

”അനന്തു… താൻ പറഞ്ഞുവരുന്നത് എനിക്കു മനസ്സിലാകുന്നില്ല. ഞാൻ രശ്മിയെ ജീവനുതുല്യം സ്‌നേഹിക്കുന്നു.” അനന്തുവിന്റെ മറുപടി കാക്കാതെ തുടർന്നു” ഈ നിമിഷം തന്നെ ഞാൻ അവളെ വിവാഹം കഴിക്കാൻ തയ്യാറാണ്”

”തനിക്കതിന് കഴിയില്ല… അവൾ സുരേഷിനെ അങ്ങിനെയല്ല കാണുന്നത്.”

”പിന്നെങ്ങിനെ?’

”അവളുടെ നഷ്ടപ്പെട്ടു പോയ സഹോദരനെയാണ് തന്നിലൂടെ കാണുന്നത്. ഒന്നാലോചീച്ചു നോക്കു, ഒരു സഹോദരൻ സഹോദരിയോട് സെക്ഷ്വലി അഫക്ഷൻ തോന്നുകയൊ അത്തരത്തിൽ പെരുമാറുകയൊ ചെയ്താൽ അവളുടെ അവസ്ഥ എന്തായിരിക്കും അതാണ് ഇവിടേയും സംഭവിച്ചത്”

”ഇല്ല… അങ്ങിനെയാവില്ല. എന്റെ രശ്മിയെ ഉപേക്ഷിക്കാൻ എനിക്കു കഴിയില്ല”.

മതിഭ്രമം പിടിപെട്ടതു പോലെ ഉരിയാടിയ വാക്കുകളുടെ തീവ്രത അനന്തുവിനെ തെല്ലൊന്നു അമ്പരപ്പിച്ചു. അയാളുടെ അനുവാദമൊ വാക്കുകളൊ കേൾക്കാൻ നിൽക്കാതെ ഇറങ്ങി ഓടുകയായിരുന്നു രശ്മിയെ കാണുകയെന്ന ഒരു ലക്ഷ്യമേ ആ നിമിഷം മനസ്സിലുണ്ടായിരുന്നുള്ളു…

പടി കടന്നു ചെല്ലുമ്പോൾ മാതാപിതാക്കൾ ഉമ്മറത്തു തന്നെയുണ്ടായിരുന്നു. അവരിൽ പ്രത്യേകമായി യാതൊരു ഭാവവും കണ്ടില്ല മറിച്ച് സന്തോഷമായിരുന്നുമില്ല.

തെല്ലൊരു വിഷാദഭാവം മുഖത്തുണ്ടായിരുന്നു. അത് കിലുക്കാം പെട്ടിപോലെ ഓടിച്ചാടിനടന്ന അവരുടെ മോൾക്കു ഭവിച്ച ഈ അവസ്ഥ കാരണമായിരിക്കും.

അവർ നേരെ രശ്മിയുടെ മുറിയിലേക്കാണ് തന്നെ നയിച്ചത്. തളർന്ന് അവശയായി കട്ടിലിൽ കിടക്കുന്ന തന്റെ രശ്മിയുടെ ദ്രുശ്യം അകതാരിൽ ഒരു വിറയലായി മാറി.

”മോളെ രശ്മി… ഇതാരാണ് വന്നിരിക്കുന്നതെന്നു നോക്കിയേ.”

ഒരുവശം ചരിഞ്ഞു കിടക്കുകയായിരുന്ന അവൾ അമ്മയുടെ ശബ്ദം കേട്ട് തിരിഞ്ഞു. എല്ലായിടവും പരതി നോക്കിയ കണ്ണുകൾ തന്റെ നേരെയെത്തിയതോടെ നിശ്ചലമായി!

”രശ്മി” തന്റെ ശബ്ദം ഒരു ഗർത്തത്തിൽ നിന്നെന്ന പോലെ തോന്നി.

അവളുടെ മുഖത്ത് വിഭിന്ന ഭാവങ്ങൾ പ്രകടമാവുന്നത് അറിഞ്ഞു. എന്താണെന്നു പ്രവചിക്കാൻ കഴിയാത്ത തരത്തിലായിരുന്നു പിന്നീടുള്ള അവളുടെ ചെയ്തികൾ. ആ മുഖത്ത് സങ്കടമൊ, വിഷാദമൊ, ദേഷ്യമൊ, ദൈന്യതയൊ അതല്ല ക്രൗര്യമായിരുന്നൊ ഒന്നും വിവേചിക്കാൻ കഴിഞ്ഞില്ല! അവളുടെ കണ്ണുകൾ ഏതൊ ഒരു ഭീകര ദ്രുശ്യം കണ്ടതു പോലെ വിളറി… പെട്ടെന്ന് ഒരു വിലാപത്തോടെ അവളുടെ ബോധം മറഞ്ഞു!

തന്റെ ചേതന മരവിച്ചതു പോലെയായി, എന്തു പറയണം എന്തു ചെയ്യണം എന്നറിയാൻ കഴിയാതെ വിഷമി ച്ചു.

മാതാപിതാക്കളുടെ ദൈന്യതയാർന്ന തേങ്ങലുകൾക്ക് ചെവി കൊടുക്കാതെ പുറത്തേയ്ക്കിറങ്ങി. എന്തായിരുന്നു അവരുടെ ഭാവം എന്നു പോലും ചിന്തിക്കാൻ കഴിഞ്ഞില്ല!

ഭൂമി തന്നെ കീഴ്‌മേൽ മറിയുന്നതായി തോന്നി… ചരാചരങ്ങൾ നിശ്ചലമായൊ അതൊ തന്റെ കണ്ണുകളുടെ സഞ്ചലത നഷ്ടമായൊ?

നടന്ന് ചെന്നെത്തിയത് അനന്തുവിന്റെ മുന്നിലാണ്. ഒന്നും പരസ്പരം ഉരിയാടാതെ നിമിഷങ്ങളോളം നിന്നു. ഞങ്ങൾക്ക് ഇരുവർക്കും ഒന്നും പറയാനില്ലായിരുന്നു!

എന്നാൽ പരസ്പരം അറിയുകയായിരുന്നു… എല്ലാം പറയുകയായിരുന്നു!

മൂകതയ്ക്ക് ഭംഗം വരുത്തിയത് സുരേഷിന്റെ വാക്കുകളായിരുന്നു. ”ഞാൻ പോകുന്നു… കാത്തിരിയ്ക്കും ജീവിതകാലം മുഴുവൻ എന്റെ രശ്മിയ്ക്ക് വേണ്ടി!”

അപ്പോഴും അനന്തുവിന്റെ മുഖത്ത് നിസ്സഹാതയുടെ ആവരണമായിരുന്നു…

-ആ യാത്രമൊഴിയ്ക്കൂ പിന്നിൽ എത്രയോ വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു. എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചു… കാലത്തിന്റെ പ്രയാണങ്ങൾക്കൊപ്പം ബഹുദൂരം മുന്നോട്ട് പോയി…

സുരേഷിന്റെ റിസേർച്ചിന് ഡോക്ടറേറ്റ് കിട്ടി, കൂടാതെ ഇത്രയും ഭംഗിയായി, അവഗാഹമായി ഗ്രാമത്തെ പഠിച്ചു എന്ന അംഗീകാരവും കിട്ടി. ഉന്നതമായ സ്ഥാനമാനങ്ങൾ കൈവരിച്ചു.

വീട്ടുകാര്‍ക്കെല്ലാം അഭിമാനിക്കവുന്ന തരത്തിൽ മകൻ ഉയർന്നപ്പോൾ അവർക്ക് അവൻ വലിയവനായി എവിടേയും ഉയർത്തിക്കാണിക്കാൻ കഴിയുന്ന അഭിമാനി ക്കാവുന്ന പുത്രൻ…

തനിക്ക് അവരോട് അവജ്ഞയാണ് തോന്നിയത്. ആവ ശ്യമുള്ള സമയത്ത് ലഭിക്കാതെ പോവുന്ന സ്‌നേഹത്തിന് എന്തു വിലയാണുള്ളത്.

ഏതു ജോലിയിലും നേട്ടങ്ങൾ മാത്രമാണുണ്ടായിട്ടുള്ളത് ആയതിനാൽ ഉദ്ധ്യോഗത്തിൽ വളരെ വേഗം തന്നെ സ്ഥാനക്കയറ്റം കിട്ടിയതിൽ പലർക്കും അസൂയ തോന്നിയെ ങ്കിലും അത് ക്ഷണികം മാത്രമായിരുന്നു. എല്ലാവരോടും നല്ല സൗഹ്രുദം പുലർത്താൻ കഴിഞ്ഞിരുന്നതിനാൽ ശത്രുതയ്ക്ക് അവിടെ കാരണമില്ലാതായി.

ജീവിതം ഏറെ സുഖകരമായിരുന്നു എങ്കിലും വരണ്ടുണങ്ങിപ്പോയ തന്റെ പന്ഥാവിൽ മോഹങ്ങൾ മുരടിച്ചു തന്നെ നിന്നു. വീട്ടൂകാർ അവരുടെ സ്റ്റാറ്റസ് കൂട്ടാനായി പല വിവാഹ ബന്ധങ്ങളും കൊണ്ടുവന്നു… പക്ഷേ, തനിക്കൊ ന്നിനും കഴിയുമായിരുന്നില്ല.

രശ്മിയുടെ മോഹനരൂപം ഒരു പോറലുമേൽക്കാതെ മനസ്സിന്റെ ഉള്ളിൽ രൂഢമൂലമായിത്തന്നെ നിന്നു. ആ കനക വിഗ്രഹത്തിലെ ദിവ്യരശ്മികൾ ശരീരത്തിന്റെ ഓരൊ കൂപങ്ങളിലും ജ്വലിച്ചു നിന്നു. ഒരു പക്ഷേ ആ പ്രഭാവലയം തന്റെ ജീവിത സോപാനത്തിലെ വിജയങ്ങൾക്ക് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടായിക്കും!

തനിക്കുണ്ടായിരുന്ന എല്ലാ നേട്ടങ്ങളും തേടിയെത്തിയവയായിരുന്നു, താൻ ഒരിക്കലും അവയ്ക്കു പിന്നാലെ പോയിട്ടില്ല.

4

അനന്തുവിന്റെ കത്ത് മണിക്കൂറുകൾക്കകം എന്തുമാത്രം സ്വാധീനം ചെലുത്തിയെന്ന് ബോധ്യപ്പെട്ടപ്പോൾ രശ്മിയോടുള്ള സ്‌നേഹത്തിന്റെ ആഴം എസ്‌ക്കെയ്ക്ക് ബോധ്യമാവുകയായിരുന്നു…

ഇന്നും അതു മായാതെ നിൽക്കുന്നു എന്ന സത്യവും!.

എങ്കിലും ഇത്രയും വർഷങ്ങൾക്കു ശേഷം അനന്തു എന്തിനാണ് വിളിച്ചതെന്ന് ഊഹിക്കാൻ കഴിയുന്നില്ല. ഒരിക്കലും തന്നെ അംഗീകരിക്കാൻ രശ്മിയ്ക്ക് കഴിയില്ലെന്നാണ് അനന്തു പറഞ്ഞത് കൂടാതെ തനിക്കും അക്കാര്യം അവളുടെ പെരുമാറ്റത്തിൽ നിന്നും മനസ്സിലായതുമാണ്.

ഈ നിമിഷം വരെ നിദ്രയിൽ പോലും രശ്മിയുടെ ആ രൂപം തന്നെ വേട്ടയാടുമായിരുന്നു… ഭയചകിതയായ ആ ഭാവം! അപ്പൊഴൊക്കെ അവളെ ആദ്യമായി കണ്ട ആ സുന്ദര രൂപം ഓർമ്മിക്കാൻ ശ്രമിച്ച് മനസ്സിനെ ആശ്വസിപ്പിക്കു മായിരുന്നു!

വീണ്ടും അനന്തുവിന്റെ കത്ത് അന്തരംഗത്തിൽ വേദനയുടെ തരംഗങ്ങൾ ഉണ്ടാക്കി… ഏതൊ ഒരു ദുരൂഹതയിലേക്കൂള്ള പ്രയാണത്തിന്റെ തുടക്കമാവുകയാണെന്നു എസ്ക്കെയെന്ന സുരേഷ് കുമാറിനു തോന്നി.

ഈ യാത്രയുടെ അന്ത്യത്തിൽ ഏതു സങ്കീർണ്ണതയിലേക്കാണ് തന്നെ കൊണ്ടെത്തിക്കുകയെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. എത്ര വലിയ സമസ്യയ്ക്കും നിഷ്പ്രയാസം പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള വകുപ്പ് സെക്രട്ടറിയായ എസ്‌ക്കെ ഒരു ഉത്തരത്തിനായി പതറിയത് ആദ്യമായാണ്!

കാലം ഉണക്കിത്തുടങ്ങിയ മുറിവുകൾ തുറക്കപ്പെട്ടത് അവ ശാശ്വതമായി ഉണക്കാനാണൊ അതോ ഒരിക്കലും പൊറുക്കാത്ത വ്രുണമാക്കി മാറ്റുവാനാണോ!?

എന്തോ ഒന്നുമാത്രം തനിക്കറിയാം രാജപുരത്തേയ്ക്ക് പോകാതിരിക്കാൻ കഴിയില്ല… അവിടെയെത്താതെ തന്റെ ജീവിതം പൂർണമാവുകയില്ല!

ഇന്നെന്തായാലും ജോലിയൊന്നും നടക്കുമെന്നു തോന്നുന്നില്ല. കുറച്ചു ദിവസത്തെ ഔദ്ധ്യോഗിക യാത്രയ്ക്കു ശേഷം ഓഫീസിൽ എത്തിയത് ഇന്നാണ്, ഏറെ ജോലികളും ബാക്കി കിടക്കുന്നു. ഈ കൂമ്പാരത്തിലേക്ക് ശിപായി വീണ്ടും കുറെ ഫയലുകൾ കൊണ്ടുവന്നൂ മേശയ്ക്ക് മുകളിൽ വച്ചിട്ട് പോയപ്പോൾ ദേഷ്യമാണ് തോന്നിയത്.

പക്ഷേ ഒന്നും പറയാൻ കഴിഞ്ഞില്ല, ഓഫീസിലുള്ളവരെ സംബന്ധിച്ച് ഒരു ഫയൽ പോലും ബാക്കി വയ്ക്കാതെ അതാതു ദിവസം തന്നെ ക്രൂത്യമായി ജോലി ചെയ്യുന്ന ഏക ഓഫീസർ താനാണ്, അതൊരു ശാപമായി ഇപ്പോൾ തോന്നുന്നു…

തന്റെ നിസംഗത ഭാവം കണ്ടിട്ട് പോയതിനാലാ യിരിക്കും ശിപായി ദാമു വീണ്ടും വാതിൽ അൽപം തുറന്ന് തന്നെ ഒന്നു നോക്കിയിട്ട് തിരിച്ചു പൊയി. ചായയൊ മറ്റൊ വെണമൊയെന്നാണ് ആ നോട്ടത്തിന്റെ അർഥം എന്നു അറിയാഞ്ഞിട്ടല്ല ഒന്നും കഴിക്കാനുള്ള മാനസികനില ഉണ്ടായിരുന്നില്ല എന്നതാണ് ശരി.

കുടുതൽ സങ്കീർണ്ണമായ ആലോചനകൾക്ക് അവസരം കൊടുക്കാതെ ഓഫീസിൽ നിന്നും പുറത്തേയ്ക്കിറങ്ങി വീട്ടിലേക്ക് തിരിച്ചു. യാന്ത്രികമായെന്നോണമാണ് കാറ് ഓടിച്ചിരുന്നതെങ്കിലും പരിചിതമായ വഴിയായതിനാൽ ബുദ്ധിമുട്ടില്ലാതെ വീട്ടിലെത്തി.

മനസ്സപ്പോഴും ശാന്തമായിരുന്നില്ല, രാജപുരത്തെത്താതെ ഇനി തനിക്കു സ്വസ്ഥമായിരിക്കാൻ കഴിയില്ലയെന്ന് ഒരിക്കൽക്കൂടി സ്വയം ബോധ്യപ്പെടുകയായിരുന്നു…

വീട്ടിലെത്തിയയുടനെ പുറത്തേയ്ക്ക് പോകാൻ തുടങ്ങിയതു ശ്രദ്ധിച്ച് അമ്മ കാര്യമന്ന്വഷിച്ചൂ. ത്രുപ്തികരമായ ഒരു ഉത്തരം നൽകാൻ ഇല്ലാത്തതിനാൽ കൂടുതലായൊന്നും പറയാതെ ‘അത്യാവശ്യമാണ് വന്നിട്ടു പറയാം’ എന്നു മാത്രം അറിയിച്ചിട്ട് പുറത്തേയ്ക്കിറങ്ങി.

ഈയിടെയായി അമ്മ തന്റെ കാര്യത്തിൽ ഇടപെടാറില്ല, അങ്ങിനെ ചെയ്തിട്ട് കാര്യമില്ലാന്നു തോന്നിയിട്ടായിരിക്കും…

വിവാഹക്കാര്യവും ഇപ്പോൾ പറയാറില്ല. അവസാനമായി ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായത് ഒരു വർഷം മുൻപായിരുന്നു. അത് വലിയൊരു പ്രശ്‌നം തന്നെയാകുമായിരുന്നു.

തന്റെ സീനിയറായിരുന്ന ബാഹുലേയൻ സാറിന്റെ മകളുടെ പ്രൊപ്പൊസൽ, അത് അദ്ദേഹം തന്നെയാണ് അമ്മയുടെ മുന്നിലെത്തിച്ചത്. ഏറെ ഭൂസ്വത്തുള്ള രാജകുടുമ്പാംഗവും സുന്ദരിയുമായ ബാഹുലേയൻ സാറിന്റെ മകളുടെ കാര്യം നിരസിക്കാൻ സാധാരണയായി ഒരു കാരണവും ഉണ്ടായില്ല.

പക്ഷേ, തന്റെ കാര്യത്തിൽ അങ്ങിനെയല്ലല്ലൊ ഒരു സുന്ദരപുഷ്പം മനസ്സിൽ നിറഞ്ഞുനിൽക്കുകയല്ലെ!.

ഈ സംഭവത്തിനു ശേഷം ഔദ്യോഗിക വ്രുത്തങ്ങളിൽ തന്നെക്കുറിച്ചു വളരെ മോശമായ അഭിപ്രായങ്ങൾ പരന്നിട്ടുണ്ട്… ചിലരുടെ അടക്കിച്ചിരി കാണുമ്പോൾ മറ്റെന്തോ നാമകരണം കൂടി നൽകിയിട്ടുണ്ടെന്നു തോന്നിയിരുന്നു! എന്തു തന്നെയായാലും തനിക്കതൊരു പ്രശ്‌നമായി തോന്നിയില്ല…

രാജപുരത്തിന്റെ പ്രധാന പാതയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിൽ പുറത്തേയ്ക്കു നോക്കിയിരിക്കുകയാണെങ്കിലും ഗ്രാമത്തിന് വന്നിട്ടുള്ള മാറ്റങ്ങളൊ അവിടുത്തെ ജനങ്ങളുടെ പുരോഗമനമൊ ഒന്നും സുരേഷിന്റെ ശ്രദ്ധയിൽ വന്നില്ല…

അന്നത്തേതിനേക്കാൾ വഴിയെല്ലാം വളരെ പുരോഗമിച്ചിരുനു എന്നറിഞ്ഞു, താൻ തന്നെ കാറോടിച്ചിരുന്നില്ലയെങ്കിൽ അതും മനസ്സിലാവുമായിരുന്നില്ല!

രാജപുരത്തിന്റെ പ്രധാന കവലയിൽ എത്തിയിട്ടും സുരേഷിന് സ്ഥലത്തിന്റെ ഏകദേശരൂപം പോലും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് രാജപുരത്തിന്റെ മാറ്റം സുരേഷിനു ഉൾക്കൊള്ളാൻ കഴിഞ്ഞത്!

ഗ്രാമത്തിന് അതിന്റെ ശാലീനത പൂർണ്ണമായും കൈമോശം വന്നിരിക്കുന്നു… പച്ചപ്പുകൾക്ക് സ്വാഭാവികത നഷ്ടമായിരിക്കുന്നു… കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിര തന്നെ കവലയിൽ പ്രത്യക്ഷമായിരിക്കുന്നു!

ഒട്ടിയവയറും ഒറ്റമുണ്ടുമായി നടന്നിരുന്ന ഗ്രാമീണരെ എങ്ങും കാണാൻ കഴിഞ്ഞില്ല പകരം പട്ടണപ്പരിഷ്‌ക്കാരത്തിന്റെ മൂടുപടമണിഞ്ഞ മനുഷ്യരൂപങ്ങളെ കണ്ടു…

ഒരിക്കൽ ഗ്രാമീണതയ്ക്ക് പേരുകേട്ട പ്രക്രുതി കനിഞ്ഞനുഗ്രഹിച്ച ആ മാത്രുകാ ഗ്രാമം തന്റെ മനസിൽ മാത്രമായി ശേഷിച്ചു!

കവലയിൽ കറച്ചു സമയം നിന്നിട്ടും എങ്ങോട്ടാണ് പോകേണ്ടതെന്നു ഒർമ്മിച്ചെടുക്കാൻ കഴിഞ്ഞില്ല. അനന്തുവിന്റെ വീട് കണ്ടുപിടിക്കാൻ ഒരു നാട്ടുകാരന്റെ സഹായം തേടേണ്ടി വന്നു. തന്റെ വേഷധാരണത്തിൽ നിന്ന് ഏതൊ ഒരു വലിയ ഉദ്യോഗസ്ഥനാണെന്ന് തോന്നിയിട്ടൊ അതൊ അനന്തു ഇവിടുത്തെ അറിയപ്പെടുന്ന വ്യക്തിയായതിനാലോ വഴികാട്ടിയായി വന്നയാൾ ഏറെ ഭവ്യത പ്രകടിപ്പിച്ചിരുന്നു…

സാമാന്യം വലിയൊരു ഇരുനില കെട്ടിടത്തിനു മുന്നിലെത്തിയിട്ട് അയാൾ തന്നോട് യാത്ര പറഞ്ഞു. അവിടെ അടുത്തുള്ള വീടുകളെ അപേക്ഷിച്ച് അനന്തുവിന്റെ ഭവനം ഏറെ പരിഷ്‌ക്രുതവും മനോഹരവുമായിരുന്നു…

വീടിനു മുന്നിലെ ഭംഗിയായി ക്രമീകരിച്ചിട്ടുള്ള പൂന്തോട്ടവും പ്രത്യേകം ശ്രദ്ധിച്ചു… കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ വന്ന മാറ്റം!

അനന്തുവിന്റെ ആശുപത്രി ഇപ്പോൾ എവിടെയാണൊ? അന്ന് വീട്ടിനോട് ചേർന്നു തന്നെയാ യിരുന്നു ചികിത്സാലയവും.

കാഴ്ചയിൽ നല്ലൊരു കുലീനത്വം തോന്നിക്കുന്ന ഒരു യുവതിയാണ് വാതിൽ തുറന്നു തന്നെ സ്വാഗതം ചെയ്തത്. തന്റെ മുത്ത് അപരിചിതത്വം ഉണ്ടായിരുന്നു പക്ഷേ ആ അവർക്ക് അങ്ങിനെ തോന്നിയില്ലാന്ന് പെട്ടെന്നു തന്നെ മനസ്സിലായി.

“സുരേഷല്ലെ, വരു ഞങ്ങൾ കാത്തിരിക്കുകയായിരുന്നു’’

അവരുടെ പെരുമാറ്റത്തിൽ ഒന്നു പതറി, അനന്തുവിന്റെ ഭാര്യയായിരിക്കും എന്നു തോന്നി. കല്യാണത്തിനു പങ്കെടുക്കാൻ കഴിഞ്ഞില്ല, അതല്ല ഈ നാട്ടിലേക്ക് വരാൻ മനസ്സനുവദിച്ചില്ല എന്നതല്ലെ ശരി. അകത്തേയ്ക്ക് കടന്നിരിക്കുമ്പോൾ എങ്ങിനെ തന്നെ മനസ്സിലായി എന്നായിരുന്നു ചിന്തിച്ചത്. സ്വീകരണ മുറിയിലെ കസേരയിൽ ഇരിക്കുമ്പോൾ അവർ തന്നെ ആ സശയം പരിഹരിച്ചു.

“തമ്മിൽ കണ്ടിട്ടില്ലയെങ്കിലും ആളെ മനസ്സിലായി. കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങൾ എന്നും ഈ വരവ് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു”.

അവരുടെ ഇത്രയ്ക്കു സ്വതന്ത്രമായ പെരുമാറ്റം സുരേഷിന് കുറച്ചു വല്ലായ്മയായി തോന്നിയെങ്കിലും അതു പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിച്ചു: “അനന്തു എവിടെ കണ്ടില്ലല്ലൊ”

“ചേട്ടൻ ഒരു പേഷ്യൻറ്റിനെ നോക്കാൻ പൊയിരിക്കുകയാണ്… ഇരിക്കു ഉടനെ വരും, ഞാൻ ചായയെടുക്കാം”

വേണമെന്നൊ വേണ്ടെന്നൊ പറഞ്ഞില്ല… അവരുടനെ അകത്തേയ്ക്കു പോയപ്പോൾ ഔപചാരികതയ്ക്ക് ചോദിച്ചതല്ലയെന്നു മനസ്സിലായി…

ചായയുമയി വന്നപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല “എന്നെ എങ്ങിനെ മനസ്സിലായി?’’

പുഞ്ചിരിയോടെ അവർ പറഞ്ഞു “ചേട്ടന്റെ ആൽബത്തിൽ സുരേഷിന്റെ പഴയൊരു ഫോട്ടൊ ഉണ്ട്. വലിയ മാറ്റമൊന്നും വന്നിട്ടില്ലത്തതിനാൽ കണ്ടപ്പോൽ തന്നെ പിടികിട്ടി”

മറുപടിയായി ഒരു വരണ്ട ചിരി മാത്രമായിരുന്നു മുഖത്തു വന്നത്. പഴയ കാലത്തെ സുരേഷാകാൻ മനസ്സു കൊതിച്ചു. “വിവാഹത്തിനു വരാൻ കഴിഞ്ഞില്ല… കാരണം”.

“വേണ്ട, പറയാതെ തന്നെ അറിയാം” തന്നെ പൂർത്തിയാക്കാൻ അനുവദിക്കാതെ പറഞ്ഞു. “ഇപ്പോഴെങ്കിലും വന്നല്ലോ”

വരാതിരിക്കൻ കഴിയില്ലെന്നു പറയണമെന്നു തോന്നി, വാക്കുകൾ പുറത്തേയ്ക്കു വന്നില്ല… തന്റെ രശ്മിയ്ക്കുവേണ്ടി വന്നല്ലെ പറ്റു.

“ഒന്നുകൊണ്ടും വിഷമിക്കേണ്ട സുരേഷ് ധൈര്യമായിരിക്കു… എല്ലാം ശരിയാകും”

അനന്തുവിന്റെ ഭാര്യയുടെ സ്‌നേഹപൂർണ്ണമായ പെരുമാറ്റവും സംസാരവും സുരേഷിനെ വല്ലാതെ ആകർഷിച്ചു. അനന്തുവിന്റെ മനസ്സു പോലെ തന്നെ അവന് നല്ലൊരു ഭാര്യയെ കിട്ടി. അതുകൊണ്ടുതന്നെ അവരുടെ കുടുംബവും ജീവിതവും സംത്രുപ്തി നിറഞ്ഞതായിരിക്കും എന്നു തോന്നി…

  ഇപ്പോഴും വരൾച്ചയിൽ തന്നെ തുടരുന്ന തന്റെ ജീവിതം ഓർമ്മിച്ചപ്പോൾ വിഷമം തോന്നി!

“എന്താ ഇത്രയ്ക്ക് ആലോചിക്കാൻ” ചിന്തകൾക്ക് വിരാമമായത് അവരുടെ ചോദ്യമായിരുന്നു.

“പ്രത്യേകിച്ചൊന്നും ഇല്ല… കഴിഞ്ഞുപോയ വർഷങ്ങളിലെ വ്യത്യാസങ്ങൾ ഒർമ്മിക്കുകയായിരുന്നു. പിന്നെ, പേര് ഇതുവരെ പറഞ്ഞില്ലല്ലൊ” ചായപ്പാത്രം മേശപ്പുറത്തേയ്ക്ക് വച്ച് ചോദിച്ചു. അതിന് അവരുടെ കുസ്രുതി പൂണ്ട മറുപടി തന്റെ അപ്പോഴത്തെ മാനസികനിലയ്ക്ക് അയവു വരാൻ പര്യാപ്തമായിരുന്നു.

“ഇതുവരെ സുരേഷ് എന്റെ പേര് ചോദിച്ചില്ലല്ലൊ”

“എന്നാൽ ചോദിക്കാം, എന്താ പേര്” അലപ്ം ഹാസ്യ ത്തിന്റെ ആവരണം തന്റെ ചോദ്യത്തിൽ ഉണ്ടായിരുന്നതിനാൽ തന്നൊടൊപ്പം ചിരിയിൽ പങ്കുചേർന്ന് അവർ പറഞ്ഞു. “ശരി എന്നാൽ പറയുന്നു… ശാലിനി”

ശാലിനിയുടെ ചിരിയും പെരുമാറ്റവും സുരേഷിന്റെ മാനസ്സിക നിലയിൽ ഏറെ മാറ്റം വരുത്തി. അതുവരെയുണ്ടായിരുന്ന മൂടുപടം പെട്ടെന്നു തന്നെ അലിഞ്ഞില്ലാതായി.

“അപ്പോൾ ശാലിനി ഒറ്റയ്ക്കാണൊ”

“അപ്പോൾ ഞാൻ ഒറ്റയ്ക്കായിരുന്നു. എന്നാൽ ഇപ്പോൾ എനിക്കൊരു ഭർത്താവും മകളും ഉണ്ട്” ശാലിനിയുടെ വാക്കുകൾ നർമത്തിൽ തന്നെയായിരുന്നു എങ്കിലും അതിനുള്ളിൽ ഒരു നൊമ്പരം ഒളിഞ്ഞിരിക്കുന്നു എന്നു തോന്നി!

കഴിഞ്ഞുപോയ ഏതോ ഒരു അനാഥത്വത്തിന്റെ അലകൾ ആ മുഖത്ത് മിന്നി മറഞ്ഞു. ചോദിക്കണമെന്നു കരുതിയെങ്കിലും പിന്നിട് വേണ്ടെന്നു വച്ചു. കാരണം പെട്ടെന്നു തന്നെ ഓർമ്മയിൽ എത്തി. കല്യാണം ക്ഷണിച്ച സമയം പെണ്ണുവീട്ടുകാരെപ്പറ്റി ചോദിച്ചപ്പോൾ അനന്തു പറഞ്ഞതോർത്തു. പെണ്ണിന്റെ മാതാപിതാക്കൾ നേരത്തെ മരിച്ചു, അവൾ അമ്മാവന്റെ കൂടെയാണ് താമസിക്കുന്നതെന്ന്.

അന്ന് പേരും പറഞ്ഞിരുന്നു ഇക്കാര്യം ഓർക്കാതിരു ന്നതു പോലെ അതും മറന്നു…                                    

“മോളുടെ പേരെന്താ… ആളെ ഇവിടെ കണ്ടില്ലല്ലോ”

“ഇതു ശരിയായ ചോദ്യം, മോളുടെ പേര് അനീലിയ”

“അനീലിയ… വെരി ബ്യൂട്ടിഫുൾ നയിം”

“സുരേഷ് ഉദ്ദേശിക്കുന്നതു പോലെ കൊച്ചു കുട്ടിയൊന്നുമല്ലാട്ടൊ” ശാലിനി പറഞ്ഞു “അവൾ നാലാം ക്ലാസ്സിൽ പഠിക്കുന്നു… സ്‌കൂളിൽ നിന്നും വരാനുള്ള സമയമായി”

താൻ രാജപുരം വിട്ടതിനു പിന്നാലെതന്നെ അനന്തു വിവാഹം കഴിച്ചു, ഇപ്പോൾ അവന് നാലാം ക്ലാസിൽ പഠിക്കുന്ന ഒരു മകൾ… കഴിഞ്ഞുപോയ വർഷങ്ങളുടെ നഷ്ടങ്ങൾ എന്നും തീരാവേദന തന്നെയാണ്…

സുരേഷിന്റെ മനസ്സിൽ ചെറിയൊരു നൊമ്പരമായി മാറി കഴിഞ്ഞുപോയ ആ വർഷങ്ങൾ. തലയിലെ വെള്ളിവരകൾ ആ വേദനയ്ക്ക് ഒരു അടിക്കുറിപ്പായി!

5

“ദാ അനന്തേട്ടൻ വന്നല്ലൊ” ശാലിനിയുടെ ശബ്ദമാണ് ചിന്തയിൽ നിന്നുണർത്തിയത്.

പുറത്തേയ്ക്ക് നോക്കിയപ്പോൾ കണ്ടത് തികച്ചും അവിശ്വസനീയമായ ഒരു രൂപത്തേയാണ്. തടിച്ചു കൊഴുത്ത ശാന്തഗംഭീരമായ മുഭാവത്തോടെയുള്ള അനന്തുവിനെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്… അനന്തുവിലും വിവിധ ഭാവങ്ങൾ പ്രകടമായിരുന്നു. രണ്ടുപേരും കുറച്ചു സമയം നേര്‍ക്കുനേർ നോക്കിനിന്നു.

ആ സമയം ശാലിനി അവരുടെ ഭാവങ്ങൾ കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നു.

“സുരേഷെ, നീ എന്തുമാത്രം മാറിയിരിക്കുന്നു”

“എനിക്കു മാത്രമാണൊ ചെയ്ഞ്ച്… നിനക്കൊന്നും സംഭവിച്ചില്ലാന്നാണൊ പറയുന്നത്. നീണ്ട പതിനഞ്ചു വർഷത്തെ ഇടവേള നമ്മെയെല്ലാം ഏറെ വ്യത്യസ്ഥരാക്കി യിരിക്കുന്നു.’

അനന്തു ഒന്നു ചിരിക്കുകമാത്രം ചെയ്തു “നീ എന്റെ ഭാര്യയെ പരിചയപ്പെട്ടിരിക്കുമല്ലൊ”

“അതൊക്കെക്കഴിഞ്ഞു. നിന്റെ വൈഫിന്റെ കഴിവു സമ്മതിക്കാതിരിക്കാൻ തരമില്ല, എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു… ഒറ്റ നോട്ടത്തിൽ തന്നെ എന്നെ മനസ്സിലാക്കിയെന്നതാണ്”

“അപ്പൊ നിനക്കു മനസ്സിലായില്ലെ ഞാൻ നിന്റെ കാര്യമൊക്കെ വ്യക്തമായിത്തന്നെ ഇവിടെ ചർച്ച ചെയ്യുന്നു എന്ന്”

“ഹോ, സമ്മതിച്ചിരിക്കുന്നു… നിന്റെ രൂപത്തിൽ മാത്രമെ മാറ്റമുണ്ടായിട്ടുള്ളു” സുരേഷ് അൽപം നിർത്തിയിട്ട് തുടർന്നു “അതൊക്കെ ഇനി വിശദമായി പിന്നെ ചർച്ച ചെയ്യാം. ആദ്യം തന്നെ നിന്റെ കത്തിന്റെ കാര്യം പറയു. എന്താണ് ഇത്രയും കാലത്തിനു ശേഷം ഇങ്ങിനെയൊരു ആഗ്രഹം?”

അനന്തു വെരുതെ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യം ആവർത്തിച്ചിട്ടും അനന്തുവിൽ നിന്നൊ ശാലിനിയിൽ നിന്നൊ പ്രതികരണമൊന്നും ഉണ്ടായില്ല…

“അനന്തു എന്താണെങ്കിലും പറയു… എന്റെ ക്ഷമയെ പരീക്ഷിക്കാതെ” അതൊരു യാചനാസ്വരമായിരുന്നു “രശ്മിയ്ക്ക്… എന്തു പറ്റിയെന്നു പറയു അനന്തു”

ഇനിയും സുരേഷിന്റെ ഉത്കണ്ഠയെ വളർത്താതെ അനന്തു പറഞ്ഞു “രശ്മിയ്ക്ക് ഒന്നും സംഭവിച്ചില്ല… പക്ഷേ”

“പക്ഷെ…!”

പെട്ടെന്നുള്ള സുരേഷിന്റെ പ്രതികരണം അനന്തുവിനേയും ശാലിനിയെയും ചിരിപ്പിച്ചു, എന്നാൽ സുരേഷ് ആകെ തളർന്നതുപോലെ കസേരയിലേക്ക് ഇരുന്നു.

“അനന്തു… എന്താണെങ്കിലും പറയൂ, പ്ലീസ്” ഇപ്രാവശ്യം സുരേഷിന്റെ ശബ്ദം വളരെ നേർത്തതായിരുന്നു.

“എടാ… സുരേഷേ, നീ എന്നോട് ചെയ്തത് വച്ചു നോക്കുമ്പോൾ ഞാൻ ഇത്രയും നിന്നോട് കാണിച്ചില്ലെങ്കിൽ ദൈവം പോലും പൊറുക്കില്ല”

അനന്തുവിന്റെ മറുപടി കേട്ട് അവിശ്വസനീയതയോടെ സുരേഷ് ഇരുവരേയും മാറി മാറി നോക്കി…

“അനന്തു…!”

“ഡോണ്ട് വൊറി മൈ ഫ്രണ്ട്… ഷി ഈസ് ആൾ റൈറ്റ് ആൻഡ് റ്റോട്ടലി ഫിറ്റ്, സുഖമായിരിക്കുന്നു. നിന്നെ ഒന്നു കാണണമെന്നു മാത്രം പറഞ്ഞു”

“കാണണമെന്നൊ… എന്തിന്”

“അതു നേരിട്ട് ചോദിക്കണം… നിന്നെക്കുറിച്ച് അറിയാവുന്നതൊക്കെ ഞാൻ പറഞ്ഞു. അതെല്ലാം കേട്ട് കഴിഞ്ഞപ്പോഴാണ് കാണണമെന്നു പറഞ്ഞത്”

രശ്മിയെ ചെന്നു കാണുക, ഇപ്പോൾ തന്നെ എന്നു സുരേഷിന്റെ മനം മന്ത്രിച്ചു. അയാളുടെ ഉള്ളിലപ്പൊൾ ആയിരം പൂത്തിരി ഒന്നിച്ചു കത്തുകയായിരുന്നു!

“എന്നാൽ ഇപ്പോൾ തന്നെ പോകുകയല്ലെ സുരേഷേ”

“പോകാം, പക്ഷേ അവരുടെ വീട്ടുകാരെ ഫേസ് ചെയ്യുന്ന കാര്യത്തിൽ ഒരു മടി”

“ദാറ്റിസ് നോട്ട് എ പ്രോബ്ലം… രാമൻ നായർ ഇപ്പോൾ ജീവിച്ചിരിപ്പില്ല, രശ്മിയുടെ അമ്മ സുഖമില്ലാതെ വിശ്രമത്തിലാണ്”

ഇതു കേട്ടപ്പോൾ, മനസ്സിലൊരു ശൂന്യത അനുഭവ പ്പെട്ടു… തന്നെക്കുറിച്ച് എന്തെല്ലാം തെറ്റിദ്ധാരണ ഉണ്ടായിരുന്നിരിക്കാം അവർക്കെല്ലാം. പൂർത്തീകരിക്കത്ത സമസ്യയുടെ ചെപ്പും പേറി രാമൻ നായർ കടന്നു പോയി. അമ്മയുടെ മുന്നിലെങ്കിലും തന്റെ മനസ്സിന്റെ വിശുദ്ധിയും അവരുടെ മകളുടെ പവിത്രതയും ബോധ്യപ്പെടുത്തണം-

വീടിനടുത്തുവരെ അനന്തു കൂടെ വന്നു “ഇനി സുരേഷ് ഒറ്റയ്ക്ക് പോകുന്നതായിരിക്കും നല്ലത്” അനന്തു പറഞ്ഞു “നീ വരുന്ന കാര്യം ഞാൻ അറിയിച്ചിട്ടുണ്ട്… നേരെ ചെന്നോളു”

വർദ്ധിച്ച ആകാംക്ഷയാൽ രക്തസമ്മർദ്ധം കൂടിയതു പോലെയായിരുന്നു സുരേഷിന്…

അനന്തുവിനെ ശ്രദ്ധിക്കാതെ സുരേഷ് പടി കടന്ന് അകത്തേയ്ക്കു കയറി. മുറ്റത്തെ ഓരോ മണൽത്തരിയും പാദങ്ങളിൽ സ്പർശിക്കുന്നതോടൊപ്പം അനേകം കഥകൾ പറയുന്നതു പോലെ അയാൾക്ക് തോന്നി…

ഉമ്മറ വാതിലിൽ ക്ഷണനേരം അയാൾ ശങ്കിച്ചു നിന്നു. ആരെയാണ് വിളിക്കേണ്ടതെന്നു ഒരു നിശ്ചയവുമില്ലയിരുന്നു. ഒന്നു മുരടനക്കാൻ ശ്രമിച്ചു പക്ഷെ സ്വരം പുറത്തേയ്ക്കു വന്നില്ല. അധികനേരം അങ്ങിനെ നിൽക്കേണ്ടതായി വന്നില്ല.

“ആരാ എന്തു വേണം” അപ്പോൾ പിൻപുറത്തു നിന്നും കടന്നു വന്ന ഒരു ജോലിക്കാരി ചോദിച്ചു.

സുരേഷിന് അവരെ മനസ്സിലായില്ല, “ഞാൻ സുരേഷ് കുമാർ… ഡോക്ടർ അനന്തുവിന്റെ കൂട്ടുകാരനാണ്” അലപം ബുദ്ധിമുട്ടിയാണ് ഇത്രയും പറഞ്ഞത്.

“ങ്‌ഹേ… സുരേഷ് സാറാണൊ?’ അവരുടെ അത്ഭുതത്തോടെയുള്ള പ്രതികരണത്തിലെ ഭാവത്തിൽ നിന്നും ഏറെ ബുദ്ധിമുട്ടിയണ് ആ രൂപം സുരേഷ് ചികഞ്ഞെടുത്തത്. രശ്മിയ്ക്കു ശേഷം തനിക്കു ഭക്ഷണം എത്തിച്ചിരുന്നത് ഇവരായിരുന്നു എന്ന് ഓർമ്മവന്നു.

“അതേ ഞാൻ തന്നെ… ഇവിടെ മറ്റാരും ഇല്ലെ”

“ഉണ്ടല്ലോ… ഞാൻ രശ്മിമോളെ വിളിക്കാം” പ്രായത്തിന്റെ ക്ഷീണമൊനും കാര്യമാക്കാതെ അവർ അകത്തേയ്ക്ക് ഓടിപ്പോകുകയായിരുന്നു.

അവരുടെ സന്തോഷപ്രകടനം സുരേഷിന്റെ മനസ്സിന് കുറച്ചൂ ലാഘവത്വം വരുത്തി. സ്വീകരണമുറിയിലെ ചുവരുകളിലെ ചിത്രങ്ങൾ നോക്കി നിൽക്കുമ്പോൾ അകത്തു നിന്നും ഒരു പാദപതന ശബ്ദം അടുത്തു വരുന്നത് അയാളറിഞ്ഞു. തിരിഞ്ഞു നോക്കുന്നതിനു മൻപുതന്നെ അയാൾ കേട്ടു:

“സുരേഷേട്ടാ…”

ഒരു പ്രകാശനാളം തന്റെ മുത്തെ മാറാലയും മനസ്സിന്റെ മൂകതയും കീറി മുറിച്ചുകൊണ്ട് മിന്നൽ പിണറിന്റെ വേഗതയിൽ കടന്നു പോകുന്നത് ഉൾപ്പുളകത്തോടെ അറിഞ്ഞു!.

അകത്തെ മുറിയുടെ കർട്ടൻ വകഞ്ഞു മാറ്റി കടന്നുവന്ന വെളിച്ചത്തിന്റെ ‘രശ്മി’യുടെ മുഖത്തേയ്ക്ക് സുരേഷ് നിർനിമേഷനായി നോക്കിനിന്നു…!

അവളുടെ നയനങ്ങളിലെ സ്‌നേഹഭാഷ്പങ്ങൾ സുരേഷിനെ നിമിഷനേരത്തേയ്ക്ക് കാലങ്ങൾക്കൂ പിന്നിലേക്കു കൂട്ടിക്കൊണ്ടുപോയി കണ്ണുകളെ ഈറനണിയിച്ചു…

രശ്മിയും കരയുകയായിരുന്നു… ഒപ്പംതന്നെ സുരേഷിനെ ആകമാനം ദർശിക്കുകയുമായിരുന്നു. അയാളിലെ മാറ്റം അവൾ അറിയുന്നുണ്ടായിരുന്നു.

സുരേഷിന്റെ മനസ്സിൽ പഴയ രശ്മിയുടെ രൂപം, ഭാവം, മുഖലാവണ്യം എന്നിവയുടെയെല്ലാം താരതാത്മ്യം ക്ഷനനേരം കൊണ്ടുതന്നെ നടന്നു…

നീണ്ട പതിനഞ്ചു വർഷത്തെ പ്രക്രുതിയുടെ പ്രവർത്തനം രശ്മിയിൽ കാര്യമായ മാറ്റം വരുത്തിയെന്നു പറയാൻ കഴിയുന്നില്ല. എങ്കിലും കൺതടത്തിലെ കറുപ്പും, മുടിയിഴകളിലെ ചില വെളുപ്പുരാശിയും അവളെ കുറച്ചു പക്വമതിയാക്കിയതായി തോന്നി. പക്ഷേ മുഖത്തെ വശ്യത, കണ്ണു കളിലെ തിളക്കം അതിപ്പോഴും നിലനിൽക്കുന്നു… പൂർവാധികം ശക്തിയോടെ!.

രശ്മിയുടെ മനസ്സിലും അതിൽ നിന്നും വ്യത്യസ്ഥമായിരുന്നില്ല. അവൾ അന്നത്തെ സുരേഷിന്റെ രൂപഭാവങ്ങൾ താരതമ്യം ചെയ്യുകയായിരുന്നു. അതൊന്നും ഇന്നും നഷ്ടപ്പെട്ടിട്ടില്ലയെന്ന് അവളറിഞ്ഞു. പക്ഷേ, പഴയ പ്രസരിപ്പ് കണ്ണടയിലും വെളുപ്പു വീണ മിടിയിഴകളിലും കുരുങ്ങിയതുപോലെ അവൾക്ക് തോന്നി. എങ്കിലും മുഖത്തെ ഗാംഭീര്യം കുറച്ചു കൂടിയിട്ടെയുള്ളു!

ഇരുവർക്കും ഏറെനേരത്തേയ്ക്ക് ഒന്നും സംസാരിക്കാൻ ഉണ്ടായില്ല പക്ഷേ മൗനമായി അനേകം വർഷത്തെ ജീവിതാനുഭവങ്ങൾ അവർ പങ്കുവച്ചു. കണ്ണുകളിൽ അവർ പഴയ കാലത്തെ സുരേഷേട്ടനും രശ്മിയുമായി മാറിയത് അവർ തന്നെ അറിഞ്ഞില്ല. നിമിഷങ്ങൾ ഏറെ കടന്നുപോയി സുരേഷ് തന്നെയാണ് സംസാരിച്ചു തുടങ്ങിയത്.

“രശ്മി…” ആർദ്രമായിരുന്നു ആ ശബ്ദം, അതവളുടെ ഹ്രുദയത്തിന്റെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചതിന്റെ മാറ്റൊലികൾ അവളുടെ ചുണ്ടുകളിലൂടെ മധുരമായ സ്വരമായി പുറത്തേയ്ക്കു വന്നു.

“സുരേഷേട്ടാ…”

ആ സ്വനവീചികളിലൂടെ അവരുടെ മനസ്സ് പതിനഞ്ചു വർഷങ്ങൾക്കു പിന്നിലേക്ക് അതിവേകം പ്രയാണം ചെയ്തു…

അവരുടെ ഉള്ളത്തിനൊപ്പം ശരീരവും കൂടുതൽ അടുത്തു… നിശ്വാസങ്ങൽ പരസ്പരം ലയിച്ചു…

“എന്റെ സുരേഷേട്ടാ…”

“എന്റെ രശ്മി…”

അവരുടെ ദേഹവും ദേഹിയും ഒന്നാകാൻ വെമ്പൽ കൊണ്ടു….

ഏകാത്മകപ്രവേശത്തിലേക്കുള്ള വാതായനമായി അവരുടെ അധരങ്ങൾ വിറകൊണ്ടു…!

“എന്നോട് ക്ഷമിക്കു… ഞാൻ എന്തു മാത്രം എന്റെ സുരേഷേട്ടനെ വിഷമിപ്പിച്ചു” ഉള്ളിൽ നിന്നുയർന്ന തേങ്ങൽ മറക്കാൻ ശ്രമിക്കുന്നതിനു മുൻപുതന്നെ സുരേഷ് അവളുടെ ചുണ്ടിൽ വിരലുകൾവച്ച് തടഞ്ഞു… സ്നേഹമസ്രുണമായി അവൾ ആ വിരലികളിൽ ചുമ്പിച്ചു.

“ക്ഷമിക്കുകയൊ… എന്തിന്, ഞാൻ തന്നെയല്ലെ തെറ്റുകാരൻ. നിന്റെ മനസ്സ് എനിക്ക് അജ്ഞാതമായിരുന്നു. പക്ഷേ എന്റെ അന്തരംഗത്തിൽ നീയെന്നും എന്റെ മാത്രം രശ്മിയായിരുന്നു… അതാണ് അന്നങ്ങിനെ…”

സുരേഷിനെ തുടരാൻ അവളനുവദിച്ചില്ല “വേണ്ട… അതൊന്നും ഇപ്പൊ ഓർമ്മിക്കേണ്ട. എന്റെ ചിന്താഗതിയുടെ ഉള്ളടക്കം എന്തായിരുന്നു എന്നു ബോദ്ധ്യപ്പെടാൻ ഏറെ വർ ഷങ്ങൾ വേണ്ടിവന്നു. ആ നിഗൂഢതയ്ക്ക് ഉത്തരം കണ്ടെത്തിയപ്പോൾ മറ്റൊരു സത്യം എനിക്കു ബോദ്ധ്യമായി. സുരേഷേട്ടനില്ലായെങ്കിൽ ഞാൻ പൂർണ്ണമാകില്ല എന്ന്”.

ഒന്നു നിർത്തിയിട്ട് രശ്മി തുടർന്നു “എന്റെ സുരേഷേട്ടനെ എനിക്കു നഷ്ടപ്പെടുമോയെന്നു ഭയന്നു… അനന്തുഡോക്ടറെ കണ്ടു സംസാരിച്ചെങ്കിലും ശരിയായ ഒരു മറുപടി കിട്ടിയില്ല… ഇപ്പോൾ എനിക്കു സമാധാനമായി, എന്നെ കാണാൻ വന്നല്ലൊ. എന്റെ കാത്തിരിപ്പു വിഫലമായില്ല.’

സുരേഷിന്റെ കരവലയത്തിലേക്ക് ചേർന്നു നിന്ന രശ്മിയുടെ ശിരസ്സിൽ തലോടി നെറ്റിയിൽ ചൂണ്ടമർത്തി സുരേഷ് മൊഴിഞ്ഞു:

“നിന്റെ മാത്രമല്ല എന്റേയും പതിനഞ്ചു വർഷത്തെ കാത്തിരിപ്പിന് അർത്ഥമുണ്ടായി”.

“പഴയ സ്വഭാവത്തിനു മാത്രം മാറ്റമില്ല” ഒരു കള്ളച്ചിരിയോടെ അയാളെ അവൾ തള്ളിമാറ്റി. രശ്മിയുടെ മുഖത്തെ പുതിയ ഭാവം സുരേഷിനെ കുളിരണിയിച്ചു.

ഒരു കുസ്രുതിച്ചിരിയോടേ സുരേഷ് അവളെ വീണ്ടും കരവലയത്തിലേക്ക് ഒതുക്കി, അവളുടെ കരിമിഴികളിൽ ഉറ്റുനോക്കി ഏറെനേരം നിന്നു. ഒരു നിർവ്രുതിയോടെ അവൾ അയാളുടെ നെഞ്ചിൽ മുഖമമർത്തി. അവളുടെ കണ്ണിൽ നിന്നുതിർന്ന സന്തോഷാശ്രുക്കൾ അയാളുടെ മാറിൽ ചൂടുള്ള നനവുണ്ടാക്കി. അവളുടെ ചെഞ്ചുണ്ടിൽ ഒരു പ്രേമമുദ്ര പതിപ്പിച്ച് സുരേഷ് പറഞ്ഞു.

“ഒരു പുതിയ സൂര്യോധയം നമുക്കുമാത്രമായി കാത്തിരിക്കുന്നു” അവൾ ഒന്നുകൂടി അയാളോട് ചേർന്നു നിന്നു…

ആ പ്രേമവചസ്സുകളിൽ നാണം പൂണ്ടിട്ടായിരിക്കാം അവരുടെ ശിരസ്സിൽ തെളിഞ്ഞു നിന്നിരുന്ന വെള്ളിവരകൾ പെട്ടെന്നുതന്നെ കറുത്ത മുടിയിഴകളിലേക്ക് ഒളിച്ചു!.

എല്ലാം കണ്ട് മുറിയ്ക്കു വെളിയിൽ നിൽക്കുകയായിരുന്ന അനന്തുവിന്റെ കണ്ണുകൾ നിറഞ്ഞു. സുരേഷിനെ ഒറ്റയ്ക്ക് അകത്തേയ്ക്ക് വിട്ടിട്ട് അനന്തു പോകയാണെന്നു പറഞ്ഞെങ്കിലും അയാൾക്ക് പോകാൻ കഴിയുമായിരുന്നില്ല. തന്റെ സ്‌നേഹിതന്റെ ജീവിതത്തിലെ ഈ പ്രധാന നിമിഷം അയാൾക്ക് നേരിൽ കാണണമായിരുന്നു…

ഇതിനെല്ലാം സാക്ഷിയായി ഒരാൾ കൂടിയുണ്ടായിരുന്നു… രശ്മിയുടെ അമ്മ. ആ വ്രൂദ്ധനയനങ്ങൾ സന്തോഷത്താൽ നിറയുന്നതൂ അനന്തു മാത്രം കണ്ടു. അയാളുടെ മനസ്സ് മന്ത്രിച്ചു “അവന്റെ കാത്തിരുപ്പ് വെറുതെയായില്ല… അവളെ അവൻ അത്രയ്ക്ക് സ്‌നേഹിച്ചിരുന്നു”.

അവൾക്കായി അവനും അവനായി അവളും കാത്തിരിക്കുകയായിരുന്നു ക്ഷമയോടെ, പരിശുദ്ധിയോടെ…

മുറ്റത്തെ മാവിൽ ചില്ലകളിലൂടെ ചാടിനടന്ന അണ്ണാറക്കണ്ണനും അടയ്ക്കാക്കിളിയും സന്തോഷത്തിന്റെ അലകൾ ശബ്ദങ്ങളായി പുറപ്പെടുവിച്ച് ആ മിഥുനങ്ങളെ എതിരേറ്റു..

അവൾ കാത്തിരിക്കുകയായിരുന്നു… അവനും

                                                                             *******

Leave a Reply

Your email address will not be published. Required fields are marked *