Ignatius Variath Novel

മൃത്യുഞ്‌ജയ

(മാന്ത്രികനോവല്‍)


ആര്യങ്കോട്‌ ഗ്രാമത്തിന്റെ നാമധേയം പ്രശസ്‌തമായത്‌ അവിടുത്തെ മാന്ത്രിക പാരമ്പര്യമുള്ള ഇല്ലത്തിന്റെ സല്‍പ്രവൃത്തികളിലൂടെയാണ്‌. ഗ്രാമവാസികളുടെ കാണപ്പെട്ട ദൈവമായിരുന്നു എന്നും ആര്യങ്കോട്‌ ഇല്ലത്തെ മാന്ത്രികര്‍. ഇല്ലത്തെ മാന്ത്രികര്‍ ശിവഭക്തരും സന്മന്ത്രവേദ ഉപാസകരുമാണ്‌.
`ഒരു ഋഗ്വേദിയുടെ നാവില്‍ നിന്നും ദുര്‍മന്ത്രത്തിന്റെ ശീലുകള്‍ ഉതിരുകയില്ല.’ മരണം സുനിശ്ചിത മാണെന്ന്‌ തോന്നിയാല്‍ പോലും ദുഷ്‌കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുകയുമില്ല.
പവിത്രമായി കാത്തുപോരുന്ന ദേവപൂജയും അനുക്രമങ്ങളും പങ്കിലമാക്കാന്‍ ആര്യങ്കോട്‌ ഇല്ലത്തെ മാന്ത്രികനായ വാസുദേവന്‍ നമ്പൂതിരിയ്‌ക്ക്‌ കഴിയുമായിരുന്നില്ല.
തന്റെ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനവും അഭിവൃദ്ധിയുമായിരുന്നു ഇല്ലത്തെ മാന്ത്രികരുടെ ലക്ഷ്യം.
സത്‌പ്രവ്യത്തികള്‍ മാത്രം അനുഷ്‌ഠിക്കുന്നവര്‍ക്ക്‌ എന്നും നേരിടേണ്ടി വരുന്നത്‌ ദുഷ്‌കര്‍മ്മികളുടെ കാലുഷ്യങ്ങളായിരിക്കും. ആര്യങ്കോട്‌ ഇല്ലത്തെ നമ്പൂതിരിക്കും ആ ഗ്രാമവാസികള്‍ക്കും സംഭവിച്ചത്‌ മറിച്ചായിരുന്നില്ല.
നാട്ടിലെ ജനങ്ങളുടെ `ദൈവീക അവതാരമായ’ വാസുദേവന്‍ നമ്പൂതിരിയേയും കുടുംബത്തേയും സര്‍വ്വനാശത്തിലേക്ക്‌ തള്ളിയിട്ടത്‌ അവിടുത്തെ കരപ്രമാണിയായ വര്‍ക്കിച്ചന്‍ മുതലാളിയായിരുന്നു. അയാള്‍ക്ക്‌ എന്തിനും തുണയായി നാറാണത്ത്‌ കൈമള്‍ എന്ന ദുര്‍മാന്ത്രികനും!
ഉറ്റവരുടെ ഉടല്‍ തീയില്‍ എരിഞ്ഞടങ്ങുന്ന ദൃശ്യത്തിന്‌ സാക്ഷിയായ വാസുദേവന്‍ നമ്പൂതിരി നിറകണ്ണുകളോടെ പിന്‍വാങ്ങുകയായിരുന്നു. ആര്യങ്കോട്‌ ഇല്ലത്തിന്റെ ഐശ്വര്യമായിരുന്ന നാഗമാണിക്യം കൈവശപ്പെടുത്തി എല്ലാം താന്‍ നേടിയെന്ന്‌ അഹങ്കരിച്ച നാറാണത്ത്‌ കൈമള്‍ തനിക്ക്‌ വരാനിരിക്കുന്ന ദുര്‍വിധി അറിഞ്ഞിരുന്നില്ല.
പ്രതികാരവാഞ്‌ജയോടെ വാസുദേവന്‍ നമ്പൂതിരിയുടെ മകനായ ദേവനാരായണന്‍ ശക്തനായി തിരിച്ചുവരുന്നതോടെ അവര്‍ക്കെല്ലാം അനിവാര്യമായ വിധി നടപ്പാക്കുകയായിരുന്നു.
മന്ത്രങ്ങള്‍ അനശ്വരങ്ങളാണ്‌, ശക്തിപ്രഭാവം ഉള്‍ക്കൊണ്ടതാണ്‌ എന്നാല്‍ അത്‌ പ്രയോഗിക്കുന്ന രീതിക്കും അനുഷ്‌ഠിക്കുന്ന ക്രമം അനുസരിച്ചുമായിരിക്കും ഫലം.
ഓരോ മന്ത്രത്തിനും അതിന്റേതായ ഛന്ദസ്സ്‌ ഉണ്ട്‌. അത്‌ ഉള്‍ക്കൊണ്ട്‌ ജപിച്ചാലെ മന്ത്രങ്ങള്‍ക്ക്‌ ഫലമുണ്ടാകുകയുള്ളൂ! ഉപാസനാ മൂര്‍ത്തികളുടെ വിധേയത്വം അടിമത്വമല്ലയെന്ന്‌ മനസ്സിലാക്കാത്ത മാന്ത്രികര്‍ക്ക്‌ അതിന്റെ വിലയായി ജീവിതം തന്നെ നല്‍കേണ്ടതായി വരും…!
നന്മയും തിന്മയും തമ്മില്‍ നടക്കുന്ന ഒരു മാന്ത്രിക യുദ്ധത്തിന്‌ ഈ ആഖ്യായികയിലൂടെ സാക്ഷികളാകാം.

ഇഗ്നേഷ്യസ്‌ വാര്യത്ത്‌

Published by: in 2016

Saikatham Books

Kothamangalam P.O., PIN 686691
Ernakulam Dist., Kerala, India.

Leave a Reply

Your email address will not be published. Required fields are marked *